കോട്ടയം: മുണ്ടക്കയത്തുള്ള ഫ്രീക്കനാണ്. ഹിന്ദി നടൻമാരെപ്പോലെ പെരുപ്പിച്ച മസിലുവേണമെന്ന മോഹം ഉള്ളിലുറഞ്ഞിട്ട് ഒരുപാടായി. ജിമ്മിൽ മാസങ്ങളായി വർക്ക് ഔട്ട് നടത്തിയിട്ടും കാര്യമായ പ്രയോജനമില്ല. കൂട്ടുകാരാരോ വഴി പറഞ്ഞു. മരുന്നെടുത്താൽ മതി. സാധനം ജിമ്മിലെ ചേട്ടൻ തരും. ആരും ആറിയാതെ ജിമ്മിന് പുറകിലെ മുറിയിൽ വച്ച് മരുന്ന് കുത്തിവച്ചു. ചോദിച്ച പണം എണ്ണിക്കൊടുക്കുകയും ചെയ്തു. പതിവായുള്ള വർക്ക് ഔട്ട് നടത്തുന്നുണ്ടെങ്കിലും കാര്യമായ മസിലില്ല. ഒരു ഡോസ് കൂടിയെടുക്കാൻ പണം തടസമായി. വൈകാതെ കാര്യം വീട്ടിൽ അറിഞ്ഞു. അതോടെ ജിമ്മിൽ പോക്കും നിറുത്തി. ജിമ്മുകളിലെങ്ങനെ ഉത്തേജക മരുന്ന് ലഭിക്കുമെന്ന ചോദ്യം മാത്രം അപ്പോഴും ബാക്കിയാണ്!

മസിൽ പെരുപ്പിക്കാനുള്ള യുവാക്കളുടെ ആഗ്രഹം മറയാക്കിയാണ് ജില്ലയിലെ ചില ജിംനേഷ്യങ്ങൾ ഉത്തേജക മരുന്നുകൾ വിൽക്കുന്നത്. ഒരു ഡോസിന് 1500 രൂപ മുതൽ നൽകണം. കുത്തിവച്ച ശേഷം വർക്ക് ഔട്ട് നടത്തിയാൽ എമണ്ടൻ മസിൽ വരുമെന്ന മോഹന വാഗ്ദാനത്തിൽ പലരും പെട്ടുപോവുകയാണ്. ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധന മുടങ്ങിയതോടെ ജില്ലയിലെ മിക്ക ജിമ്മുകളിലും ഒളിഞ്ഞും തെളിഞ്ഞും ഉത്തേജന മരുന്നുകളുടെ വിൽപ്പനയും ഉപയോഗവും പൊടിപൊടിക്കുന്നു. മസിലുണ്ടാകാനുള്ള വിറ്റാമിനുകളാണെന്ന ധാരണയിലാണ് ഇവ പലരും ഉപയോഗിക്കുന്നത്.


സൂക്ഷിച്ചാൽ ദുഖിക്കേണ്ട
'സ്റ്റാനസലോൾ' എന്ന ഉത്തേജകമരുന്നാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മെക്‌സിക്കോയിൽ പന്തയക്കുതിരകൾക്ക് നൽകുന്ന 'ബോൾഡിനോൺ' എന്ന മരുന്നും ഇവിടെ ഉപയോഗിക്കുന്നുണ്ട്. സ്‌ത്രൈണ സ്വഭാവമുള്ള പുരുഷൻമാരെ ചികിത്സിക്കാനുള്ള പുരുഷ ഹോർമോണുകളും വന്ധ്യതയുണ്ടാക്കുന്ന മീഥൈൽ ഡൈ ഇനോണും ജിമ്മുകൾ വഴി വിൽക്കുന്നു.

മരുന്നടിച്ചാൽ

ശരീരവും മാനസിക നിലയും തകരും

ഇൻജക്ഷൻ എടുക്കുന്ന ഭാഗം ഗദപോലെയാകും

ഞരമ്പുകൾക്ക് ദോഷം,​ തളർന്ന് കിടക്കും

ഹൃദയാഘാതത്തിന് സാദ്ധ്യത കൂടുതൽ

ലൈംഗിക ശേഷിക്കുറവിനും വന്ധ്യതയ്ക്കും കാരണമാകും

ഒരു ഡോസിന് വില 1500 മുതൽ

5 വർഷം തടവ് ലഭിക്കുന്ന കുറ്റം