veedu

ചങ്ങനാശേരി: പ്രളയം അവശേഷിപ്പിച്ച ദുരിതക്കയത്തിൽ നിന്നും കരകയറാനാകാതെ ഉഴലുകയാണ് ചിങ്ങവനം വെട്ടിത്തറയിലെ കൊച്ചുപ്പറമ്പിൽ രാജമ്മയും കുടുംബവും. പ്രളയത്തിന്റെ അവശേഷിപ്പായി ഇവരുടെ വീട്ടുമുറ്റത്ത് ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നു. വെള്ളപ്പൊക്കക്കാലത്ത് വീടും പരിസരവും വെള്ളം കയറി നശിച്ചതിന്റെ തകർച്ചയിൽ നിന്നും കരകയറാൻ ഈ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രളയം കനത്ത നാശം വിതച്ച വെട്ടിത്തറയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വന്ന കുടുംബങ്ങളിലൊന്നാണ് രാജമ്മയുടേത്. ആരോഗ്യപ്രശ്‌നങ്ങളാൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ രാജമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. പ്രളയദുരിതാശ്വാസ സഹായം കിട്ടിയിട്ടില്ലെന്ന് രാജമ്മ പറയുന്നു. വെടിമരുന്ന് ശരീരത്ത് വീണ് പൊള്ളലേറ്റ ഭർത്താവ് മത്തായിക്ക് ജോലിക്ക് പോകാൻ സാധിക്കില്ല. കടകളിൽ ജോലി ചെയ്ത് കിട്ടുന്ന മകളുടെ വരുമാനമാണ് ഈ നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയം. ഓരോ മഴയും കാറ്റും വരുമ്പോൾ പ്രാർത്ഥനയോടെയാണ് ഇടിഞ്ഞു വീഴാറായ വീട്ടിൽ ഇവർ കഴിയുന്നത്. വീടിന്റെ അടിത്തറയും സംരക്ഷണഭിത്തിയും ഭാഗികമായി തകർന്നു. വെള്ളം കെട്ടിക്കിടക്കുന്നത് ഇഴജന്തുശല്യവും വർദ്ധിപ്പിക്കുന്നു. മൂന്ന് വർഷം മുമ്പ് ശുചിമുറിക്കായി അപേക്ഷിച്ചിരുന്നെങ്കിലും കിട്ടിയിട്ടില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചെങ്കിലും അതിനെക്കുറിച്ചും മറ്റു വിവരങ്ങൾ ലഭിച്ചിട്ടില്ല, ഇവർ പറയുന്നു. വീട് ഇടിഞ്ഞുവീഴുന്നതിനു മുമ്പെങ്കിലും ദുരിതക്കയത്തിൽ നിന്നും കരകയറ്റാൻ നടപടികളുണ്ടാകണമെന്നാണ് രാജമ്മയുടെ അപേക്ഷ.