cp-jayaraj
സി.പി.ജയരാജ്

കണ്ടക്ടറും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

വൈക്കം : യാത്രക്കാരെ വലച്ച് വൈക്കത്ത് വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.

ഇന്നലെ അപ്രതീക്ഷിതമായി വൈക്കത്തെ സ്വകാര്യ ബസ് തൊഴിലാളികളിൽ ഒരു വിഭാഗം നടത്തിയ സമരം സ്കൂൾ കുട്ടികളെയടക്കം പെരുവഴിയിലാക്കി. കൺസക്ഷനുമായി ബന്ധപ്പെട്ട് ഒരു ബസിലെ കണ്ടക്ടറും വിദ്യാർത്ഥികളും തമ്മിൽ വ്യാഴാഴ്ച വൈകിട്ട് ദളവാക്കുളം ബസ് ടെർമിനലിൽ വച്ച് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് മുന്നറിയിപ്പില്ലാതെ ഇന്നലെ ബസുകൾ പണിമുടക്കിയത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. മിന്നൽ പണിമുടക്കിനെ ന്യായീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയൻ നേതാക്കൾ. പണിമുടക്കിന് യൂണിയനുകളുമായി ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു.

സി.പി.ജയരാജ്

സെക്രട്ടറി

(മോട്ടോർ തൊഴിലാളി യൂണിയൻ - സി ഐ ടി യു)

യാത്രക്കാരെ വലയ്ക്കുന്ന മിന്നൽ പണിമുടക്ക് പാടില്ലെന്ന് യൂണിയനുകളും പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുള്ളതാണ്. അതിന്റെ പച്ചയായ ലംഘനമാണ് ഈ സമരം. മൊബൈൽ ഫോണിലൂടെയും വാട്ട്സ് ആപ്പ് വഴിയും ഏതാനും തൊഴിലാളികൾ വ്യക്തി താത്പര്യ പ്രകാരം നടത്തിയ സമരമാണിത്.

വി.കെ.അനിൽകുമാർ

സെക്രട്ടറി

(മോട്ടോർ തൊഴിലാളി യൂണിയൻ - എ. ഐ. ടി. യു. സി.)

മിന്നൽ പണിമുടക്ക് ജനദ്രോഹപരമാണ്. തൊഴിലാളികൾക്ക് സമരം ചെയ്യാൻ അവകാശമുണ്ട്. പക്ഷേ അതിന് ചില മര്യാദകളും കീഴ് വഴക്കങ്ങളുമുണ്ട്. മുന്നറിയിപ്പില്ലാതെ സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അത് അംഗീകരിക്കാനാവില്ല.

സ്വകാര്യബസുകളുടെ ഫിറ്റ്നസ് - പൊലീസ് നടപടി തുടങ്ങി

വൈക്കത്ത് പല സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് അപകടകരമായ അവസ്ഥയിലെന്ന് പൊലീസ്. ഒൻപത് ബസുകൾ കാലപ്പഴക്കത്താൽ തേഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത ടയറുകൾ ഉപയോഗിച്ചാണ് സർവീസ് നടത്തുന്നതെന്നും ഇത് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വൈക്കം പൊലീസ് ഇന്നലെ ജോയിന്റ് ആർ ടി ഒ യ്ക്ക് കത്ത് നൽകി. ഇ ബി എസ്, ശ്രീവൈക്കത്തപ്പൻ, മരിയ, അമ്പാട്ട്, പ്രീയദർശിനിയുടെ നാല് ബസുകൾ എന്നിവയുടെ ടയറുകൾ അപകടനിലയിലുള്ളവയാണെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം യാത്രചെയ്യുന്നതിനാൽ ഇവയുടെ ഫിറ്റ്നസ്സ് അടിയന്തിരമായി പരിശോധിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.