പാലാ: അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് വിദ്യാർത്ഥി അഫീലിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ ഇന്നലെ സ്റ്റേഡിയത്തിലെത്തി തെളിവെടുപ്പു നടത്തി. കേരള സർവകലാശാല കായിക വകുപ്പ് മുൻ ഡയറക്ടർ ഡോ.കെ.കെ വേണു, സായി മുൻ പരിശീലകൻ എം.ബി സത്യാനന്ദൻ, അർജ്ജുന അവാർഡ് ജേതാവ് വി.ഡിജു എന്നിവരാണ് സമിതി അംഗങ്ങൾ.
ത്രോ ഇനങ്ങളായ ജാവലിൻ, ഹാമർ മത്സരങ്ങൾ ഒരേ സമയം നടത്തിയതിന്റെ സാഹചര്യം എന്താണെന്ന് അന്വേഷിക്കുമെന്ന് ഡോ.വേണു പറഞ്ഞു. അപായകരമായ ഇത്തരം ഇനങ്ങൾ മത്സരങ്ങളിൽ നിന്ന് നീക്കം ചെയ്യേണ്ടത് സംബന്ധിച്ച് ചർച്ച വേണം. മത്സരങ്ങളുടെ ഓർഡർ അനുസരിച്ച് 10.30ന് ജാവലിനും 11.30 ന് ഹാമറുമാണ് നടക്കേണ്ടിയിരുന്നത്. മേലിൽ വീഴ്ചകളുണ്ടാകാതിരിക്കുന്നതിന് വേണ്ട നടപടികൾ ശുപാർശ ചെയ്യുമെന്ന് അന്വേഷണ കമ്മിഷൻ അംഗങ്ങൾ പറഞ്ഞു.
ചുമതലക്കാർ മുങ്ങി
ജില്ല അത് ലറ്റിക് അസോസിയേഷൻ ഭാരവാഹികളായ വി.സി.അലക്‌സ്, തങ്കച്ചൻ മാത്യു, ബോബൻ ഫ്രാൻസിസ് എന്നിവർ മാത്രമാണ് സംഘാടകരെ പ്രതിനിധീകരിച്ച് കമ്മിഷനുമുന്നിൽ തെളിവു നൽകാൻ വന്നത്. കായിക മേളയുടെ മുഖ്യ ചുമതലക്കാരനും മൽസരങ്ങളുടെ ചുമതലക്കാരായ ചില കായികാദ്ധ്യാപകരും എത്തിയില്ല. നേരത്തേ കളക്ടർ നിയോഗിച്ച അന്വേഷണ സംഘത്തിനു മുന്നിലും ഇവർ ഹാജരായിരുന്നില്ല.