പാലാ : കാറിടിച്ച് തകർന്ന ചക്കാമ്പുഴ വളവിലെ ട്രാഫിക് മിറർ പുന:സ്ഥാപിക്കാൻ ഫണ്ടില്ലെന്ന വിചിത്രവാദവുമായി പൊതുമരാമത്ത് വകുപ്പ്. മിറർ സ്ഥാപിക്കണമെന്ന് നിർബന്ധമാണെങ്കിൽ ചക്കാമ്പുഴ ഗവ. യു.പി സ്‌കൂൾ പി.ടി.എ ഫണ്ടിൽ നിന്നോ, രാമപുരം ബി.ആർ.സിയുടെ ഫണ്ടിൽ നിന്നോ പണം മുടക്കി മിറർ വാങ്ങിക്കൂടെയെന്നാണ് പരാതിക്കാരനായ ബി.ആർ.സി ഓഫീസർ അശോകിനോട് അസി.എൻജിനിയർ ചോദിച്ചത്. പി.ടി.എയ്ക്ക് ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ 'അതിലും ദാരിദ്ര്യത്തിലാണ് വകുപ്പെന്നായിരുന്നു മറുപടി. അപകടക്കെണിയായ ചക്കാമ്പുഴ വളവിൽ ഒന്നരവർഷം മുമ്പാണ് ട്രാഫിക്ക് മിറർ സ്ഥാപിച്ചത്. ഇതോടെ അപകടങ്ങളും കുറഞ്ഞു. കഴിഞ്ഞ ദിവസമാണ് കാറിടിച്ച് മിറർ തകർന്നത്. ഇക്കാര്യം പൊതുമരാമത്ത് അധികൃതരെ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കാർ ഇടിച്ച് മിറർ തകർന്നത് അറിഞ്ഞില്ലെന്നാണ് രാമപുരം പൊലീസ് പറയുന്നത്.


കാശില്ലെങ്കിൽ തുക താൻ

മുടക്കാമെന്ന് എം.എൽ.എ
വിഷയത്തിൽ പൊതുമരാമത്ത് അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ട മാണി.സി.കാപ്പൻ എം.എൽ.എയോടും ഫണ്ടില്ലെന്ന വാദമാണ് ഉദ്യോസ്ഥർ പറഞ്ഞത്. സ്വകാര്യ വ്യക്തികൾ മിറർ സ്ഥാപിക്കുന്നതിൽ എതിർപ്പുണ്ടോ എന്ന എം.എൽ.എയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. എങ്കിൽ ഇന്നു തന്നെ അവിടെ മിറർ സ്ഥാപിക്കണം, തുക താൻ തരാമെന്നും അദ്ദേഹം പറഞ്ഞു. മറുപടിയിൽ ചൂളിപ്പോയ ഉദ്യോഗസ്ഥർ ഏതെങ്കിലും കരാറുകാരെക്കൊണ്ട് മിറർ സ്ഥാപിക്കാമെന്നും രണ്ടു ദിവസത്തെ സാവകാശം നൽകണമെന്നും അപേക്ഷിച്ചു. ജനങ്ങളുടെ അടിയന്തിര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഫണ്ടില്ലെന്ന തൊടുന്യായം പറഞ്ഞ് ഒഴിഞ്ഞു മാറരുതെന്നും ഉദ്യോഗസ്ഥരെ എം.എൽ.എ ഓർമ്മിപ്പിച്ചു.

പൊലീസ് അറിയിച്ചില്ലെന്ന്
മിറർ കാറിടിച്ച് തകർന്ന സംഭവത്തിൽ പൊലീസ് പ്രാഥമിക നടപടി സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പിനെ അറിയിക്കേണ്ടതായിരുന്നൂവെന്ന് അസി.എക്‌സിക്യുട്ടീവ് എൻജിയർ ഷാജീവ് പറഞ്ഞു. അപകടമുണ്ടാക്കിയ വാഹന ഉടമയിൽ നിന്നായിരുന്നു പണം ഈടാക്കേണ്ടിയിരുന്നത്.