കോട്ടയം : തീർപ്പുകല്പിച്ച കണക്കിൽ വർഷങ്ങൾക്ക് ശേഷം തിരക്കിട്ട് വിശദീകരണം തേടുന്ന നികുതി വകുപ്പിന്റെ നടപടിക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം. 6 വർഷം മുമ്പ് സമർപ്പിച്ച കണക്കുകൾ വീണ്ടും ഹാജരാക്കിയില്ലെങ്കിൽ പിഴ അടയ്ക്കണമെന്ന നോട്ടീസാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വ്യാപാരമാന്ദ്യവും നേരിടുന്നതിനിടെ ഇത്തരം ഭീഷണികൾ കൂടിയായാൽ കടകൾ അടച്ച് പ്രക്ഷോഭത്തിനിറങ്ങാനാണ് വ്യാപാരികളുടെ തീരുമാനം. വാറ്റ് നിയമം നിലവിലുണ്ടായിരുന്ന 2013 - 2014 കാലത്തെ കണക്കുകളിൽ ക്രമക്കേടുണ്ടെന്നും വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്താൽ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുമെന്നതിനാൽ പലരും നോട്ടീസിന്റെ ഉള്ളടക്കം പോലും വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല. 6 വർഷം മുൻപുള്ള കണക്കുകളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മറുപടി നൽകാൻ 7 ദിവസം തികയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. അടച്ച നികുതിയിൽ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ അടയ്ക്കാനും ഇവർ തയ്യാറാണ്. എന്നാൽ കുറഞ്ഞ സമയപരിധിക്കുള്ളിൽ കണക്ക് ബോധിപ്പിച്ചില്ലെങ്കിൽ ഭീമമായ തുക പിഴ അടയ്ക്കണമെന്ന് നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോട്ടയത്ത് ചേർന്ന വ്യാപാരിവ്യവസായ ഏകോപന സമിതി ജില്ല കമ്മിറ്റി വിലയിരുത്തി. ജില്ല പ്രസിഡന്റ് എം.കെ. തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വ്യാപാരികളുടെ ആവശ്യം

പഴയ കണക്കിൽ എവിടെയാണ് പിശകെന്ന് വ്യക്തമാക്കണം

30 ദിവസമെങ്കിലും സമയപരിധി അനുവദിക്കണം

തോന്നുംപടി പിഴ നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ല

അപ്പീൽ പോകണമെങ്കിൽ 50 ശതമാനം തുക അടയ്ക്കണം

നടപടി നേരിടുന്നത് 10,000 ൽ ഏറെ വ്യാപാരികൾ

'വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളിൽ നിന്ന് നികുതിവകുപ്പും സർക്കാരും പിന്മാറണം. അടച്ച നികുതിയിൽ ഏതെങ്കിലും തരത്തിലുള്ള കുറവ് കണ്ടെത്തിയാൽ കുറവുവരുന്ന തുക മാത്രം അടച്ചാൽ മതിയെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥന്മാർക്ക് ഇതൊന്നും ബാധകമല്ല. സാമ്പത്തിക പ്രതിസന്ധികാരണം ജീവനക്കാരെ പോലും കുറച്ചിട്ടാണ് വ്യാപാരസ്ഥാനങ്ങളിൽ പലതും ഇന്ന് നിലനിൽക്കുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഉപദ്രവം കൂടിയാകുമ്പോൾ കടകൾ അടച്ചുപൂട്ടേണ്ടിവരും.'

:- എ.കെ.എൻ പണിക്കർ, ജില്ല സെക്രട്ടറി, കെ.വി.വി.ഇ.എസ്. കോട്ടയം