രാമപുരം : ഇന്നലെ വൈകിട്ട് രാമപുരം മേഖലയിൽ ആഞ്ഞടിച്ച കാറ്റിൽ വ്യാപകനാശം. നിരവധി മരങ്ങൾ ഒടിഞ്ഞുവീണു, വ്യാപക കൃഷിനാശവും സംഭവിച്ചു. പളളി മൈതാനത്ത് പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേയ്ക്ക് മരം ഒടിഞ്ഞുവീണു. മഴ നനയാതെ ഓട്ടോറിക്ഷയിൽ കയറിയിരുന്ന മുല്ലമറ്റം സ്വദേശി അന്നമ്മയ്ക്ക് (60) പരിക്കേറ്റു. ഇവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ചെറിയ കടകളിലെ നിരവധി സാധനസാമഗ്രികൾ കാറ്റത്ത് നശിച്ചു. മരങ്ങാട് റൂട്ടിൽ പുളിക്കൽ കുര്യന്റെ വീടിന്റെ മുകളിലേയ്ക്ക് തേക്കുമരം ഒടിഞ്ഞുവീണു. ചോലിക്കര മാത്യുവിന്റെയും പൂങ്കാവഴിൽ പി.ജെ. ജോസഫിന്റെയും മധുരംഞ്ചേരിൽ ആൻഡ്രൂസിന്റെയും വീടിന്റെ മുകളിൽ മരം വീണു. പാലാ ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം വെട്ടി മാറ്റി. പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി.