കോട്ടയം : മീറ്റർ സ്ഥാപിച്ച് സർവീസ് നടത്തുമ്പോഴുണ്ടാകുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നിയമവിധേയമായ നടപടികൾ പരിഗണിക്കാമെന്ന് കളക്ടർ അറിയിച്ചു.
തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലാളികളുമായി ചർച്ചചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് യൂണിയൻ നേതാക്കൾ യോഗത്തിൽ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു, ഡെപ്യൂട്ടി കളക്ടർ അലക്‌സ് ജോസഫ്, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം. തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.അനുകൂല തീരുമാനമുണ്ടാകുന്നത് വരെ സമരം തുടരാനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ തീരുമാനം.
ജില്ലാ ഭരണകൂടം പറയുന്നത്
റിട്ടേൺ ഇല്ലാത്ത ഓട്ടങ്ങൾ പോകുമ്പോൾ എത്തുന്ന സ്ഥലത്തോ സമീപ പ്രദേശത്തെയോ സ്റ്റാൻഡിൽ ഓടുന്നതിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാം
ടൗൺ ഒഴികെയുള്ള മേഖലകളിൽ ഒരു വശത്തേക്കു മാത്രമുള്ള ഓട്ടങ്ങൾക്ക് മിനിമം നിരക്കിന് പുറമെ വരുന്ന തുകയുടെ അൻപതു ശതമാനം വാങ്ങുന്നതിന് സർക്കാർ അനുവദിക്കുന്നുണ്ട്
കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായി മാറിയ പഴയ നാട്ടകം, കുമാരനല്ലൂർ ഗ്രാമപഞ്ചായത്ത് മേഖലകളെ ഓട്ടോറിക്ഷകളുടെ സർവീസിന്റെ നഗരപരിധി പരിഗണനയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കും
ടൗൺ പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ ടൗണിൽനിന്ന് യാത്രക്കാരെ കയറ്റുന്നതിനെതിരെ നടപടി സ്വീകരിക്കും
ജനത്തെ വലച്ച് പണിമുടക്ക്
ഓട്ടോറിക്ഷ സമരത്തെ തുടർന്ന് കോട്ടയം നഗരത്തിൽ എത്തിയ ജനങ്ങൾ വലഞ്ഞു. വിവിധ ആവശ്യങ്ങൾക്കായി എത്തിയവരിൽ പലരും ബസുകളിലും കാൽനടയായുമാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. ചില സ്റ്റാൻഡുകളിൽ പഞ്ചായത്ത് പെർമിറ്റുള്ള ഓട്ടോകൾ സർവീസ് നടത്താൻ എത്തിയെങ്കിലും മറ്റ് തൊഴിലാളികൾ തടഞ്ഞ് തിരികെ അയച്ചു.