കോട്ടയം : മാണി സി.കാപ്പൻ എം.എൽ.എയ്ക്ക് കോട്ടയത്തും ഏറ്റുമാനൂരിലും ഊഷ്മള വരവേല്പ് നൽകി. എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് കാപ്പനെ സ്വീകരിക്കാൻ എത്തിയത്. ഏറ്റുമാനൂരിലെ സ്വീകരണത്തിനുശേഷം തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മാണി സി കാപ്പൻ തിരുനക്കരയിൽ എത്തിയത്.
സി.പി.എം ജില്ലാസെക്രട്ടറി വി.എൻ. വാസവൻ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് പാലായിലെ വികസന മുരടിപ്പ് പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ മാണി സി കാപ്പൻ വ്യക്തമാക്കി. അഡ്വ. വി.ബി. ബിനു, എം.ടി. കുര്യൻ, കാണക്കാരി അരവിന്ദാക്ഷൻ, ജോസഫ് ചാവറ, മാത്യൂസ് ജോർജ്, ഏന്തയാർ റഹ്മാൻ എന്നിവർ സംസാരിച്ചു. പ്രൊഫ. എം.ടി. ജോസഫ് സ്വാഗതം പറഞ്ഞു.