പാലാ: മുനിസിപ്പൽ കായികമേളയ്ക്കിടെ വോളന്റിയറായ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. സംഘാടകരിൽ ചിലരുടെ പെരുമാറ്റമാണ് ആരോപണത്തിന് അടിസ്ഥാനം. ഇന്നലെ സർക്കാർ നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിഷൻ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തെളിവുകൾ ശേഖരിക്കാൻ എത്തിയിരുന്നു. റെക്കാഡ് ദൂരത്തിൽ ഒരു പെൺകുട്ടി ഹാമർ എറിഞ്ഞപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് സംഘാടകരിൽ ചിലർ അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാൽ പെൺകുട്ടി ആദ്യം ഹാമർ എറിഞ്ഞപ്പോഴാണ് പതിനാറുകാരനായ അഫീൽ ജോൺസന്റെ തലയിൽ കൊണ്ടതെന്ന് ദൃസാക്ഷികൾ പറയുന്നു. അഫീൽ വീണിട്ടും മത്സരം നിറുത്തിവെയ്ക്കാതെ രണ്ടാമതും പെൺകുട്ടിക്ക് എറിയാൻ അവസരം നല്കി. അപ്പോഴാണ് ഈ കുട്ടിക്ക് റെക്കാഡ് വിജയം ഉണ്ടായത്. സംഘാടകർ ഉയർത്തുന്ന വാദം ശരിയാണെങ്കിൽ അഫീലിന്റെ തലയിൽ പതിച്ച ശേഷമായിരിക്കും ഹാമർ നിലത്തുവീണത്.

സംഭവത്തിന് പിറ്റേന്ന് പാലാ ആർ.ഡി.ഒ അനിൽ ഉമ്മൻ തെളിവെടുക്കാൻ വന്നപ്പോഴും സംഘാടകരിൽ ഒരാൾ തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടത്തിയെന്ന ആരോപണം ശക്തമാണ്. അഫീൽ വോളന്റിയർ ആയിരുന്നില്ലെന്നും സ്റ്റേഡിയത്തിൽ കടന്നുകൂടിയതാണെന്നും സംഘാടകനായ കായിക അദ്ധ്യാപകൻ പറഞ്ഞു. ഇത്തരം അഭിപ്രായം ഇനി ഒരിക്കലും ആവർത്തിക്കരുതെന്ന് ആർ.ഡി.ഒ ഇയാളെ താക്കീത് ചെയ്തിരുന്നു. തന്റെ നിലപാട് ഇയാൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കർശനസ്വരത്തിൽ ആർ.ഡി.ഒ ഇയാളെ വിലക്കി.

ചില ജനപ്രതിനിധികളെ സ്വാധീനിച്ചുകൊണ്ട് പ്രശ്നത്തിൽ നിന്ന് തലയൂരാനും കേസിൽ നിന്ന് ഒഴിവാകാനുമായി സംഘാടകരിൽ ചിലർ ചരടുവലികൾ നടത്തുന്നതായി സൂചനയുണ്ട്. സർക്കാർ നിയോഗിച്ച അന്വേഷണകമ്മിഷന് മുമ്പിലും ജില്ലാ കളക്ടർ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിലും ഹാജരാകാതെ സംഘാടകസമിതിയിലെ ചില പ്രധാനികൾ മുങ്ങിനടക്കുകയാണ്. ഇതിനിടെ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് അറിയിക്കുന്നതിനായി കോട്ടയം റവന്യു ജില്ലാ കായികമേള പാലാ സ്റ്റേഡിയത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തകൃതിയിലാണ്. അന്വേഷണം പൂർത്തിയാകാതെ മറ്റൊരു കായികമേളയ്ക്ക് സ്റ്റേഡിയം വിട്ടുകൊടുക്കുന്നതിനെതിരെ പൊലീസ് രഹസ്യാന്വേഷണവിഭാഗം ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനിടെ സ്റ്റേഡിയത്തിൽ തീരുമാനിച്ച റവന്യു ജില്ലാ കായികമേള മറ്രൊരു വേദിയിലേക്ക് മാറ്റണമെന്ന് ചില കായിക അദ്ധ്യാപകരും ആവശ്യമുന്നയിച്ചിട്ടുണ്ട്.

ചോദ്യം ചെയ്തത് എട്ട് പേരെ

വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർ ഉൾപ്പെടെ എട്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. സംഘാടകരിൽ ചിലർ പൊലീസിന് മുന്നിൽ ഹാജരായിട്ടില്ല. ഇവർക്ക് നോട്ടീസ് അയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം.