കോട്ടയം: രുചിയിലെ രാജാവ്, ഒന്ന് രുചിച്ചവർ വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിക്കും... ഒരുകാലത്ത് മത്സ്യത്തൊഴിലാളികൾ പോലും അവഗണിച്ച പള്ളത്തിക്ക് പിന്നാലെയാണ് ഇപ്പോൾ ഭക്ഷണപ്രേമികൾ. പക്ഷേ ആവശ്യക്കാർ ഏറിയപ്പോൾ പടിഞ്ഞാറൻമേഖലയിലെ ജലാശയങ്ങളിൽ പള്ളത്തിയുടെ ലഭ്യത നന്നേകുറഞ്ഞു. മുൻപ് വിലയിൽ പിന്നിലായിരുന്നെങ്കിൽ ഇപ്പോൾ അത് 200 രൂപയിലെത്തി. പാവങ്ങളുടെ കരിമീൻ എന്നറിയപ്പെടുന്ന പള്ളത്തിയിപ്പോൾ അപൂർവ മത്സ്യങ്ങളുടെ ഗണത്തിലാണ്. ലഭ്യത കുറഞ്ഞു എന്നത് തന്നെയാണ് ഇതിന് കാരണം. നിരോധിതവലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ചെറുമീനായ പള്ളത്തിക്ക് വെല്ലുവിളിയായത്. പാടശേഖരങ്ങളിലെ ചാലുകളിൽ നിന്നും മറ്റും സെപ്തംബർ ഒക്ടോബർ മാസങ്ങളിലാണ് പള്ളത്തി ഉൾപ്പെടെയുള്ള ചെറുമീനുകൾ ധാരാളമായി ലഭിക്കുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി ഈ സമയങ്ങളിലും പള്ളത്തിയുടെ ലഭ്യത വൻതോതിൽ കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. നാടൻ പള്ളത്തി ഉണക്കിയതിന് കിലോയ്ക്ക് 400 രൂപയാണ് വില. വില ഇത്രകണ്ട് ഉയർന്നിട്ടും പള്ളത്തിയെ തേടി മീൻകൊതിയന്മാർ മാർക്കറ്റിലെത്തുന്നുണ്ട്. ഇന്നിപ്പോൾ ഷാപ്പുകളിലെയും ഹോട്ടലുകളിലെയും തീൻമേശയിലെ ഇഷ്ടവിഭവമായി പള്ളത്തി മാറി.

അച്ചാറിന് ബെസ്റ്റ്

അച്ചാറിനാണ് പ്രധാനമായും പള്ളത്തി ഉപയോഗിക്കുന്നത്. ഉണക്കപള്ളത്തി കൊണ്ട് തയ്യാറാക്കിയ അച്ചാറുകൾക്കും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ഗ്രാമങ്ങളിൽ കുടുംബശ്രീ യൂണീറ്റുകളാണ് ഉണക്കമീൻ അച്ചാറുകൾ ആദ്യം എത്തിച്ചതെങ്കിലും
ഇപ്പോൾ ചെറുകിടക്കാരും ബ്രാൻഡഡ് കമ്പനികളും വരെ ഉണക്കമീൻ അച്ചാറുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. നഗരനാട്ടുമ്പുറമെന്ന വ്യത്യാസമില്ലാതെ യഥേഷ്ടമായി മീൻ അച്ചാറുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്.