കോട്ടയം : കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ എൻറോൾമെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ 2,39605 കുടുംബങ്ങൾ അംഗങ്ങളായി. പദ്ധതി പ്രകാരം 40267 രോഗികൾക്ക് 29.49 കോടി രൂപയുടെ സൗജന്യചികിത്സ നൽകി. കോംപ്രഹെൻസീവ് ഹെൽത്ത് ഇൻഷ്വറൻസ് ഏജൻസി ഒഫ് കേരള (ചിയാക്) ആണ് പദ്ധതി നടപ്പാക്കുന്നത്.
ആർ.എസ്.ബി.വൈ, കാരുണ്യ ബെനവലന്റ് ഫണ്ട്തുടങ്ങിയ വിവിധ പദ്ധതികൾ സംയോജിപ്പിച്ചാണ് കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുമായി ചേർന്ന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയത്. 2019 മാർച്ച് 31 വരെ കാലാവധിയുള്ള സ്മാർട്ട് കാർഡ് കൈവശമുള്ള എല്ലാ ആർ.എസ്.ബി.വൈ ചിസ് കുടുംബങ്ങൾക്കും, 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയുടെ കത്ത് കിട്ടിയ കുടുംബങ്ങൾക്കും പുതിയ പദ്ധതിയിൽ ചേരാം.
പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും. പദ്ധതിയിൽ ചേരാവുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. കുടുംബത്തിലെ ഒരംഗമെങ്കിലും കാർഡ് നിലവിൽ എടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. മറ്റു അംഗങ്ങൾക്ക് ചികിത്സ ആവശ്യമാണേൽ കൂട്ടിച്ചേർക്കാനുള്ള സൗകര്യം എല്ലാ എംപാനൽ ചെയ്ത ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്. റേഷൻകാർഡിൽ പേരില്ലാത്തവരാണ് കൂട്ടിച്ചേർക്കാൻ വരുന്നതെങ്കിൽ റേഷൻകാർഡിലുള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആനുകൂല്യം ലഭിക്കാൻ
പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഉടൻ ആരോഗ്യ ഇൻഷ്വറൻസ് കൗണ്ടറിൽ കാർഡ് കാണിക്കണം
രോഗിയുടെ പേരിലല്ല കാർഡെങ്കിൽ അഡ്മിറ്റ് ആകുമ്പോൾ കുടുംബത്തിലെ നിലവിലുള്ള അംഗത്തിന്റെ പുതിയ ഇൻഷ്വറൻസ് കാർഡ്, റേഷൻകാർഡ്, ആധാർകാർഡ് , പഴയസ്മാർട്ട്കാർഡ് എന്നിവ ആശുപത്രിയിലെ കൗണ്ടറിൽ ഹാജരാക്കണം.
റേഷൻ കാർഡിൽ പേരില്ലെങ്കിൽ ജനനസർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാം
സേവനമുള്ള സർക്കാർ ആശുപത്രികൾ
കോട്ടയം മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി, ഡെന്റൽ കോളേജ്, കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി ജനറൽ ആശുപത്രികൾ, പാമ്പാടി, വൈക്കം താലൂക്ക് ആശുപത്രികൾ, കുമരകം, ഇടയിരിക്കപ്പുഴ, സചിവോത്തമപുരം, തോട്ടയ്ക്കാട്, മുണ്ടൻകുന്ന് പി.എച്ച്.സികൾ
സ്വകാര്യ ആശുപത്രികൾ
വാസൻ ഐ കെയർ, പാലാ ചെറുപുഷ്പം ട്രസ്റ്റ് ആശുപത്രി, പാല അൽഫോൺസ ഐ ഹോസ്പിറ്റൽ,
പൈക ലയൺസ് ഐ ഹോസ്പിറ്റൽ, മുക്കൂട്ടുതറ അസിസീ ആശുപത്രി, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി
അംഗങ്ങൾ : 2,39605 കുടുംബങ്ങൾ
സഹായംലഭിച്ചത് : 40267 രോഗികൾക്ക്
സൗജന്യ ചികിത്സ : 29.49 കോടിയുടേത്