തിരുവനന്തപുരം : മഴ പടിയിറങ്ങും മുമ്പ് വിപണി കൈയേറി ഓറഞ്ച്. ഇത്തവണ സീസണിന് മുമ്പേ പാതയോരങ്ങളിൽ ഓറഞ്ചിന്റെ വില്പന സജീവമായി. സാധാരണ നവംബർ മാസത്തോടെയാണ് ഓറഞ്ച് വിപണി സജീവമാകാറ്. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടായി. നാഗ്പൂരിൽ നിന്നാണ് പ്രധാനമായും ഓറഞ്ച് കേരളത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് ഓറഞ്ച് എത്തുന്നുണ്ട്. വഴിയോരങ്ങളിൽ വാഹനങ്ങളിലാണ് പ്രധാനമായും ഇപ്പോൾ ഓറഞ്ച് വിറ്റഴിക്കുന്നത്. കിലോയ്ക്ക് 70 രൂപയാണ് വില. എന്നാൽ കടകളിൽ 80 മുതൽ 100 രൂപയ്ക്കാണ് കച്ചവടം. അതേസമയം വിളവെടുപ്പ് സീസണാകുന്നതോടെ ഓറഞ്ച് വില കുത്തനെ താഴാനാണ് സാധ്യത. കഴിഞ്ഞവർഷം സീസൺ കാലയളവിൽ വില 20 രൂപയിലേക്ക് വരെ താഴ്ന്നിരുന്നു. കർണാടകയിലെ കുടകിലും വിളവെടുപ്പിന് ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കണം. വേനൽ കടുക്കുന്നതോടെ ഓറഞ്ച് ജ്യൂസിനും ആവശ്യക്കാർ ഏറും.