ചങ്ങനാശേരി: കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ ഖാദർകമ്മിറ്റി ശുപാർശകൾ നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമ നടപടിയെടുക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.
ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (ഡി.എസ്.ടി.എ) സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിക്കുന്ന പരിഷ്‌കാരം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കും.
1 മുതൽ 12 വരെയുള്ള ക്ലാസുകളെ ഒരു വിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ നിയന്ത്രണത്തിലാക്കുന്നത് അപ്രായോഗികമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവുകളുടെ നിയമസാധുതയെ എൻ.എസ്.എസ് അടക്കമുള്ള സംഘടനകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയിട്ടേ റിപ്പോർട്ട് നടപ്പാക്കാവൂ എന്നാണ് കോടതി നിർദ്ദേശം. എന്നിട്ടും സർക്കാർ മുൻ തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സ്‌കൂൾസ് ജനറൽ മാനേജർ ഡോ.ജി. ജഗദീഷ്ചന്ദ്രൻ, ഡി.എസ്.ടി.എ ഭാരവാഹികളായ ബി.ഭദ്രൻപിള്ള, എസ്.വിനോദ്കുമാർ, ജി.രാജേഷ്, ആർ. ഹരിശങ്കർ എന്നിവർ പങ്കെടുത്തു.