payward-mandiram

വൈക്കം : നിർമ്മാണത്തിലെ അപാകതയെ തുടർന്ന് വൈക്കം താലൂക്ക് ആയുർവേദ ആശുപത്രി ചോരുന്നു. ഒരു കോടി നാൽപത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ പേവാർഡ് കെട്ടിടം താലൂക്ക് ആയുർവേദ ആശുപത്രിക്ക് ഫലത്തിൽ ശാപമായിരിക്കുകയാണ്.15 മുറികളുള്ള പേവാർഡ് ബ്ലോക്കിൽ ഫസ്​റ്റ് ഫ്‌ളോറിലും സെക്കൻഡ് ഫ്‌ളോറിലും ഷെയ്ഡ് ഇല്ലാത്തതിനാൽ ജനൽ വഴി പെയ്തു വെള്ളം മുറികളിൽ നിറയുകയാണ്. കെട്ടിടത്തിന്റെ സ്​റ്റയർകേസിൽ നിന്നും വെള്ളചാട്ടത്തിലേതുപോലെയാണ് വെള്ളം വരാന്തയിലേയ്ക്കു ഒഴുകിയിറങ്ങുന്നതെന്ന് രോഗികൾ പറയുന്നു.പേവാർഡ് ബ്ലോക്കിലെ ടൊയ്‌ല​റ്റുകൾക്കൊന്നും വെന്റിലേഷൻ ഇല്ല. ആശുപത്രിക്ക് ചേരാത്ത തരത്തിൽ മിനുസമുള്ള ടൈലുകളാണ് ഇട്ടിരിക്കുന്നത്. ശരീരത്തിനു തളർച്ച ബാധിച്ചവരും മ​റ്റും ചികിത്സ തേടുന്ന ആശുപത്രിയുടെ സെക്കൻഡ് ഫ്‌ളോറിൽ രോഗികൾക്കെത്തണമെങ്കിൽ ലിഫ്​റ്റ് അനിവാര്യമാണെങ്കിലും ലിഫ്​റ്റ് നിർമ്മിക്കുന്നതിന് യാതൊരു സൗകര്യവുമൊരുക്കിയിട്ടില്ല. പേവാർഡിൽ താമസിച്ച് ചികിത്സ നടത്തുന്നവർക്ക് ട്രീ​റ്റ്‌മെന്റിന് മുറികളിൽ സൗകര്യമില്ലാത്തതിനാൽ രോഗികൾ താഴെ എത്തണം. താലൂക്ക് ആയുർവേദ ആശുപത്രിയിലെ പഴയ വാർഡുകളും മഴയിൽ ചോർന്നൊലിക്കുകയാണ്. ഓട് വച്ച് വാർത്ത പഴക്കംച്ചെന്ന കെട്ടിടത്തിന് അ​റ്റകു​റ്റപണികൾ നടത്തിയിട്ട് വർഷങ്ങളായി. മരുന്ന് സൂക്ഷിക്കുന്ന സ്​റ്റോർ റൂമും ചോരുന്നതിനാൽ മരുന്ന് മ​റ്റൊരിടത്തേയ്ക്ക് മാ​റ്റി സൂക്ഷിക്കേണ്ട സ്ഥിതിയാണ്. 50ഓളം രോഗികൾക്ക് താമസിച്ച് ചികിത്സ നേടാൻ കഴിയുന്ന ആശുപത്രിയിൽ 20 ബെഡുകളുള്ള ആശുപത്രിക്കുള്ള സ്​റ്റാഫ് പാ​റ്റേണാണ് നിലവിലുള്ളത്.30 ബെഡുള്ള ആശുപത്രിയായി വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയെ അപ് ഗ്രേഡ് ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്റി കെ.കെ.ഷൈലജ ടീച്ചർ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. ആശുപത്രി വികസന സമിതി യോഗത്തിൽ അസൗകര്യങ്ങൾ മൂലം രോഗികൾക്കുണ്ടാകുന്ന ദുരിതങ്ങൾ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ നഗരസഭയെ ബോദ്ധ്യപ്പെടുത്തി.

അടിയന്തിരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുന്നതിന് പുറമെ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്റിയെ സമീപിക്കും നഗരസഭ ചെയർമാൻ

ഒരു കോടി നാൽപത് ലക്ഷം രൂപ നിർമ്മാണ ചെലവ്

50ഓളം രോഗികൾക്ക് താമസിച്ച് ചികിത്സ നേടാൻ കഴിയുന്ന ആശുപത്രിയിൽ 20 ബെഡുകളുള്ള ആശുപത്രിക്കുള്ള സ്​റ്റാഫ് പാ​റ്റേണാണ് നിലവിലുള്ളത്.30 ബെഡുള്ള ആശുപത്രിയായി വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയെ അപ് ഗ്രേഡ് ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്റി കെ.കെ.ഷൈലജ ടീച്ചർ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല.