പാലാ : കായികമേളയ്ക്കിടെ വോളന്റിയറായ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. സർക്കാർ നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിഷൻ കഴിഞ്ഞ ദിവസം പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തെളിവുകൾ ശേഖരിക്കാൻ എത്തിയിരുന്നു. റെക്കാഡ് ദൂരത്തിൽ ഒരു പെൺകുട്ടി ഹാമർ എറിഞ്ഞപ്പോഴാണ് അപകടം ഉണ്ടായതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. എന്നാൽ പെൺകുട്ടി ആദ്യം ഹാമർ എറിഞ്ഞപ്പോഴാണ് അഫീലിന്റെ തലയിൽ കൊണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഫീൽ വീണിട്ടും മത്സരം നിറുത്തിവയ്ക്കാതെ രണ്ടാമതും പെൺകുട്ടിക്ക് എറിയാൻ അവസരം നല്കിയപ്പോഴാണ് റെക്കാഡ് നേടിയത്.
സംഭവത്തിന് പിറ്റേന്ന് ആർ.ഡി.ഒ തെളിവെടുപ്പിനെത്തിയപ്പോഴും സംഘാടകരിൽ ഒരാൾ തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടത്തിയെന്ന ആരോപണം ശക്തമാണ്. അഫീൽ വോളന്റിയർ ആയിരുന്നില്ലെന്നും സ്റ്റേഡിയത്തിൽ കടന്നുകൂടിയതാണെന്നുമായിരുന്നു വാദം. ഇത്തര്യം ന്യായങ്ങൾ നിരത്തരുതെന്ന് ആർ.ഡി.ഒ ഇയാളെ താക്കീതും ചെയ്തിരുന്നു. ചില ജനപ്രതിനിധികളെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാനാണ് സംഘാടകർ ശ്രമിക്കുന്നതെന്നാണ് സൂചന. അന്വേഷണകമ്മിഷന് മുന്നിൽ ഹാജരാകാതെ സംഘാടകരിലെ പ്രധാനികൾ മുങ്ങിനടക്കുന്നതും ആരോപണത്തിന് ശക്തി പകരുന്നുണ്ട്.
റവന്യു ജില്ലാ കായികമേള വേദി മാറ്റുമോ?
റവന്യു ജില്ലാ കായികമേള സ്റ്റേഡിയത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തകൃതിയിലാണ്. അന്വേഷണം പൂർത്തിയാകാതെ മറ്റൊരു കായികമേളയ്ക്ക് സ്റ്റേഡിയം വിട്ടുകൊടുക്കുന്നതിനെതിരെ രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. കായികമേള മറ്രൊരു വേദിയിലേക്ക് മാറ്റണമെന്ന് ചില കായിക അദ്ധ്യാപകരും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ചോദ്യം ചെയ്തത് എട്ട് പേരെ
സംഘാടകർ ഉൾപ്പെടെ എട്ട് പേരെയാണ് പൊലീസ് ഇതുവരെ ചോദ്യം ചെയ്തത്. ഹാജരാകാത്തവർക്ക് നോട്ടീസ് അയയ്ക്കാനാണ് പൊലീസ് തീരുമാനം.