കോട്ടയം: ഇരുവശത്തും പ്ലാസ്റ്റിക് കവറിൽക്കെട്ടിയുള്ള മാലിന്യങ്ങൾ, തെരുവുനായ്ക്കൾ, ഈച്ചകൾ... തിരുനക്കര പൊലീസ് സ്റ്റേഷൻ മൈതാനത്തു നിന്നും തിയേറ്റർ റോഡിലേയ്‌ക്കുളള വഴിയിലെ പതിവുകാഴ്ചയാണിത്. തിരുനക്കരയിലെ ബി.എസ്.എൻ.എൽ ഓഫിസിന്റെ പിന്നിലെ റോഡിന്റെ ഇരുവശത്തും മാലിന്യക്കൂമ്പാരമാണ് കാണനാവുക.

നഗരമദ്ധ്യത്തിൽ നഗരസഭയുടെ മൂക്കിന് താഴെയാണ് അതിരൂക്ഷമായ രീതിയിൽ മാലിന്യങ്ങൾ തള്ളുന്നത്. പ്ലാസ്റ്റിക്ക് കവറുകളിലും, ചാക്കുകളിലും കെട്ടിയ മാലിന്യങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും ഭംഗിയായി അടുക്കി വച്ചിരിക്കുകയാണ്. ഇത് കടിച്ചുവലിക്കാനായി നായ്ക്കളെത്തുന്നു. കൂടാതെ ഈച്ചശല്യവും രൂക്ഷമാണ്.

നേരത്തെ ഈ റോഡരികിലെ കെട്ടിടത്തിൽ ഒരു ഹോട്ടലും, മുറുക്കാൻ കടയും പ്രവർത്തിച്ചിരുന്നു. എന്നാൽ, വൻ തോതിൽ മാലിന്യം തള്ളിയതോടെ ഈ രണ്ട് കടകളിലും ആളുകൾ കയറാതായി. ഇതോടെ ഈ കടകൾ അടച്ചുപൂട്ടി.

പരിശോധന 'ശക്തം', പക്ഷേ...

നഗരത്തിൽ മാലിന്യം തള്ളുന്ന ആളുകളെ കണ്ടെത്താൻ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരത്തിൽ പരിശോധന രാത്രിയിലും പകലും നടക്കുന്നതായി നഗരസഭ അവകാശപ്പെടുമ്പോൾ തന്നെയാണ് നഗരമദ്ധ്യത്തിൽ തന്നെ വൻ തോതിൽ മാലിന്യം തള്ളുന്നത്. നേരത്തെ പൊലീസ് പരേഡ് മൈതാനത്ത് പരിപാടികൾ നടക്കുമ്പോൾ വാഹനങ്ങൾ ഈ റോഡരികിലാണ് പാർക്ക് ചെയ്‌തിരുന്നത്. എന്നാൽ, വൻ തോതിൽ മാലിന്യങ്ങൾ തള്ളിത്തുടങ്ങിയതോടെ ഈ സ്ഥലം വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും ആളുകൾ ഉപയോഗിക്കാതെയായി.

എട്ടു മാസം മുമ്പ് സംഭവിച്ചത്...

എട്ടു മാസം മുമ്പ് ഈ റോഡരികിലെ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന യുവാവിനെ തല്ലിക്കൊന്ന ശേഷം കിണറ്റിൽ തള്ളുകയായിരുന്നു. എന്നിട്ടു പോലും ഈ റോഡിൽ മാലിന്യം തള്ളുന്നവരെ തടയാൻ നഗരസഭയ്‌ക്കോ പൊലീസിനോ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇവിടുത്തെ മാലിന്യം നീക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.