പാലാ: മനസിലുള്ളത് ആരോടും വെട്ടിത്തുറന്നു പറയുന്ന കളങ്കമില്ലാത്ത വ്യക്തിത്വമായിരുന്നൂ വെട്ടൂർ രാമൻ നായരുടേതെന്ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് പറഞ്ഞു. ഏർപ്പെട്ട മേഖലകളിലെല്ലാം തിളങ്ങിയ സകലകലാ വല്ലഭനായിരൂന്നൂ വെട്ടൂരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെട്ടൂർ രാമൻ നായർ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ തോമസ് ജേക്കബ്.
ശങ്കേഴ്‌സ് വീക്കിലിയിലൂടെ ശങ്കർ അറിയപ്പെട്ടതുപോലെ 'പാക്കനാർ ' എന്ന തൂലികാ നാമം പിന്നീട് സ്വന്തം മാസികയുടെ കൂടി പേരാക്കി മാറ്റിയ പ്രസിദ്ധനായ എഴുത്തുകാരനായിരുന്നൂ വെട്ടൂരെന്ന് അനുസ്മരണാ പ്രഭാഷണം നടത്തിയ പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ പറഞ്ഞു.
പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനത്തിൽ സഹൃദയ സമിതി പ്രസിഡന്റ് രവി പാലാ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. ആർ. എസ്. വർമ്മ , രവി പുലിയന്നൂർ, ഡി. ശ്രീദേവി, പി.എസ്. മധുസൂദനൻ ,ചാക്കോ.സി. പൊരിയത്ത് , ജോസ് മംഗലശ്ശേരി, എലിക്കുളം ജയകുമാർ, സുനിൽ പാലാ , ശ്രീവിദ്യ തുടങ്ങിയവർ പ്രസംഗിച്ചു.
വെട്ടൂർ സ്മാരക യുവ കഥാ പുരസ്‌ക്കാരം ആർ. പ്രഗിൽ നാഥിന് പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ സമ്മാനിച്ചു. പാലാ സഹൃദയ സമിതിയുടെ മുൻ ഭാരവാഹികളെയും മുതിർന്ന ഭാരവാഹികളെയും സമ്മേളനത്തിൽ ആദരിച്ചു.