പൊൻകുന്നം:എസ്.എൻ.ഡി.പി. യോഗത്തിന്റെ ജില്ലയുടെ കിഴക്കൻ മേഖലയിലെ ആദ്യത്തെ ശാഖയായ ഇളങ്ങുളം 44ാം നമ്പർ ശാഖയിൽ പ്രാർത്ഥനാ മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.ശ്രീനാരായണഗുരുദേവനിൽ നിന്നും നേരിട്ട് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച അപൂർവം ശാഖകളിലൊന്നാണ് ഇളങ്ങുളം. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്കഭിമുഖമായി ഗുരുദേവക്ഷേത്രവും ശാഖാമന്ദിരവും തലയുയർത്തിനിൽക്കുന്നു. ഇതോടനുബന്ധിച്ചാണ് ഇപ്പോൾ 40 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.ശബരിമലതീർത്ഥാടകർക്ക് വിരിവെച്ച് വിശ്രമിക്കുന്നതിനും പ്രാർത്ഥന നടത്തുന്നതിനുമുള്ള സൗകര്യങ്ങളും വിശാലമായ ഓഡിറ്റോറിയവും നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. വിവാഹം പോലുള്ള വിശേഷങ്ങൾക്കും പൊതുയോഗങ്ങൾക്കും സമ്മേളനങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്ന ഓഡിറ്റോറിയം 9000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഒരുങ്ങുന്നത്.1928 ജനുവരി 14നാണ് ശാഖയുടെ പ്രവർത്തനം തുടങ്ങിയത്. നൂറ്റാണ്ടിന്റെ പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ ഓലപ്പുരയിൽനിന്നും മൂന്നുനിലമാളികയിലെത്തിയ ചരിത്രമാണ് ശാഖയുടേത്. പൂജ്യത്തിൽനിന്നായിരുന്നു തുടക്കം. ഗുരുദേവഭക്തരുടെ സഹകരണത്തോടെ പടിപടിയായുള്ള ഉയർച്ചയിൽ ശാഖയുടെ സാരഥ്യം വഹിച്ച മുൻഭാരവാഹികളുടെ പങ്കും വിലപ്പെട്ടതാണ്.ആനിക്കാട്,ഇളമ്പള്ളി,പനമറ്റം,തമ്പലക്കാട്,തുമ്പമട എന്നീ ശാഖകളുടെ മാതൃശാഖയാണ് ഇളങ്ങുളം.എം.എൻ.ഗംഗാധരൻ പ്രസിഡന്റും എം.സി.ചന്ദ്രദാസ് സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടേയും പോഷകസംഘടനകളുടെയും സഹകരണത്തോടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.