ചങ്ങനാശേരി : മദ്യപിച്ചെത്തിയ രണ്ടുപേർ ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. ഇവർ കല്ലുകളെടുത്ത് പ്രധാന വാതിലിലൂടെ ആശുപത്രിക്കുള്ളിലേക്കു എറിയുകയായിരുന്നു. അതിനുശേഷം വാതിലിലൂടെ ആശുപത്രി കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഇവർ സമീപത്തുള്ള കടയിൽ സൂക്ഷിച്ചിരുന്ന സോഡാക്കുപ്പികൾ ഉപയോഗിച്ച് ആശുപത്രിയുടെ സി.എച്ച് വാർഡിലേ പിൻവശത്തെ ഭിത്തിയിലേക്ക് എറിഞ്ഞു. തുടർന്ന് സമീപത്ത് ഇരുന്ന ബൈക്ക് തള്ളിയിടുകയും കടയിലെ ഫ്രിഡ്ജുകൾ തല്ലി തകർക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും ഓടി മറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആശുപത്രി മോർച്ചറിയ്ക്കു സമീപത്തു നിന്നും ഇവരെ പിടികൂടി പൊലീസിന് കൈമാറി. പൂവം സ്വദേശികളായ രണ്ടുപേരാണ് ആക്രമണത്തിനു പിന്നിൽ. ഇവർക്കെതിരെ ആശുപത്രി സൂപ്രണ്ട് ചങ്ങനാശേരി പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സമാനരീതിയിൽ മറ്റൊരു സംഭവവും ഇവിടെ നടന്നിരുന്നു. കഞ്ചാവ് ലഹരിയിൽ എത്തിയ കുറച്ചുപേർ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച ശേഷം മോർച്ചറിയ്ക്കു സമീപം ഒളിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാർ എത്തിയപ്പോഴേയ്ക്കും ഇവർ ഓടിമറയുകയായിരുന്നു. ആശുപത്രിയിൽ നിലവിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ് ഉള്ളത്. പകൽ സമയത്ത് രണ്ടുപേരും രാത്രിയിൽ ഒരാളുമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്.