രാജാക്കാട്: ബോഡി നായ്ക്കന്നൂർ പുതൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കേരളത്തിലേക്ക് കൊണ്ടു വരുന്നതിനിടെ പിന്നാലെ എത്തിയ യുവാക്കളുടെ അടിയേറ്റ് മോഷ്ടാവ് മരിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊങ്കിശ്ശേരി സ്വദേശി ബാബു (45) വിന്റെ മരണ.വുമായി ബന്ധപ്പെട്ടാണ് പുതൂർ സ്വദേശികളായ അരുൾ പാണ്ടി (24) അജിത് കുമാർ ( 2 3 ) മണി കണ്ഠൻ (24) എന്നിവരെ ബോഡി നായ്ക്കന്നൂർ ഡിവൈ.എസ്.പി ഈശ്വരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിക്ക് ബോഡി നായ്ക്കന്നൂർ പുതൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടെ പിൻതുടർന്ന് എത്തിയ യുവാക്കളുടെ സംഘം ബാബുവിനെ പിടികൂടുകയായിരുന്നു. യുവാക്കളുടെ ക്രൂര മർദനത്തെ തുടർന്ന് തളർന്നു വീണ ബാബുവിനെ ഇതു വഴിയെത്തിയ ഓട്ടോ ഡ്രൈവറാണ് ബോഡി നായ്ക്കന്നൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം ബാബുവിന്റെ മൃദേഹം ബോഡി നായ്ക്കന്നൂരിലെ പൊതുശ്മശാനത്തിൽ സംസ്‌ക്കരിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.