കോട്ടയം : സംസ്ഥാന സൗത്ത് സോണൽ സ്‌കൂൾ ഗെയിംസിന് കോട്ടയത്ത് തുടക്കമായി. നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ.ചാക്കോ ജോസഫ് (ജോയിന്റ് ഡയറക്ടർ ഒഫ് സ്‌പോർട്‌സ്) പതാക ഉയർത്തി. മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ സോന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സാബു പുളിമൂട്ടിൽ പ്രസംഗിച്ചു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.കെ അജിതകുമാരി സ്വാഗതവും, റിസപ്ഷൻ കമ്മിറ്റി കൺവീനർ അനിത ബി. നായർ നന്ദിയും പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 4000 മത്സരാർത്ഥികളാണ് അണ്ടർ 14/ 17/ 19 കാറ്റഗറി ആൺ/ പെൺ വിഭാഗം മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

ഫുട്ബാൾ ( നാഗമ്പടം നെഹ്രുസ്റ്റേഡിയം), കബഡി ( സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം), ഹാന്റ് ബാൾ, ബാസ്കറ്റ് ബാൾ ( ഗിരിദീപം സ്കൂൾ വടവാതൂർ), വോളിബാൾ ( നാഗമ്പടം നെഹ്രുസ്റ്റേഡിയം, ഗിരിദീപം സ്കൂൾ), ബാഡ്മിന്റൺ ( ഇൻഡോർ സ്റ്റേഡിയം), ടെന്നീസ് ( രാമവർമ ക്ലബ് കോട്ടയം), ടേബിൾ ടെന്നീസ് ( വൈ.എം.സി.എ കോട്ടയം), ചെസ് ( എം.ടി. സെമിനാരി എച്ച്.എസ്.), ഖൊ- ഖൊ (സി.എം.എസ് എച്ച്.എസ്.എസ് കോട്ടയം), ക്രിക്കറ്റ് ( സെന്റ് എഫ്രേംസ് എച്ച്.എസ് മാന്നാനം). ഹോക്കി ( എം.ടി. സെമിനാരി എച്ച്.എസ് കോട്ടയം) എന്നിങ്ങനെ 13 വേദികളിലായാണ് മത്സരം.