കോട്ടയം : വിസവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയവർക്ക് പൊലീസ് സംരക്ഷണവും പരാതിക്കാരന് വധഭീഷണിയും. കറുകച്ചാൽ അഞ്ചാനി ഇടയിരിക്കപുഴ സ്വദേശികളായ രണ്ട് ദമ്പതികളാണ് കാനഡയിലേക്ക് തൊഴിൽ വിസവാഗ്ദാനംനൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത് നാട്ടിൽ വിലസുന്നത്. ഇവർക്കെതിരെ കഴിഞ്ഞ ജൂലായ് 13 ന് ജില്ലാ പൊലീസ് മേധാവിക്കും , പിന്നീട് കറുകച്ചാൽ പൊലീസിലും ചങ്ങനാശേരി കോടതിയിലും പരാതി നൽകിയ കണ്ണൂർ മട്ടന്നൂർ കുഞ്ഞിപ്പറമ്പത്ത് ശ്രീജിത്ത് അലോറയാണ് വധഭീഷണി നേരിടുന്നത്.

എറണാകുളം രവിപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസിയുടെ മറവിൽ അഞ്ചാനി സ്വദേശികളായ രണ്ട് പേരും അവരുടെ ഭാര്യമാരും തൃശൂർ സ്വദേശിയായ ഒരു ഏജന്റും ഉൾപ്പെട്ട സംഘം 16 പേരിൽ നിന്ന് 32 ലക്ഷംരൂപയാണ് തട്ടിയെടുത്തത്. 3 ലക്ഷംരൂപയാണ് വിസയ്ക്ക് ആവശ്യപ്പെട്ടത്. തുക ഗഡുക്കളായി നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥ. ആദ്യഗഡു നൽകിയപ്പോൾ വിസയ്ക്കായാണ് പണം കൈപ്പറ്റുന്നതെന്ന് മുദ്രപത്രത്തിൽ എഴുതിയ ഉറപ്പും, രസീതും നൽകിയിരുന്നു. ഇതിൽ വിശ്വസിച്ചാണ് വീണ്ടും പണം നൽകിയത്. പറഞ്ഞ കാലാവധി കഴിഞ്ഞും വിസ കിട്ടാതായതോടെ പണം തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് സ്ഥാപനം അടച്ചുപൂട്ടി സംഘം നാടുവിട്ടതായി അറിയുന്നത്. ഫോണിൽ വിളിച്ചപ്പോൾ 'പർട്ടിക്കാരൻ' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ പ്രശ്നത്തിൽ ഇടപെട്ടു. പിന്നീട് ഇവരുടെ താമസസ്ഥലം കണ്ടുപിടിച്ച് വീട്ടിലെത്തി പണം ആവശ്യപ്പെട്ടപ്പോൾ മദ്ധ്യസ്ഥ ചർച്ചയ്ക്ക് എന്നപേരിൽ മാവേലിക്കരയിലേക്ക് കൂട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളും സൗത്ത് പൊലീസിലും പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും പ്രതികൾക്കെതിരെ തട്ടിപ്പ് കേസുകളുണ്ട്. പ്രതികൾ താമസിക്കുന്ന ജില്ല എന്ന നിലയിലാണ് കോട്ടയത്ത് പരാതി നൽകിയത്.