കോട്ടയം: ഇന്റർനെറ്റ് സെർച്ചിംഗിനിടെയിലെ ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് ചിലപ്പോൾ വലിയ വിലകൊടുക്കേണ്ടി വന്നേക്കാം! കുട്ടികളുടെ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുന്നവരെ കണ്ടെത്താനുള്ള സെബർ സെല്ലിന്റെ 'ഓപ്പറേഷൻ പി- ഹണ്ടി"ൽ കുടുങ്ങിയവരിൽ 60 ശതമാനവും ഇത്തരത്തിൽ അബന്ധം പറ്റിയവരാണ്. കുട്ടികളുടെ അശ്ലീല ചിത്രമാണ് എന്നറിയാതെ വീഡിയോ ഡൗൺലോഡ് ചെയ്‌തവരും, ഇത്തരം വീഡിയോകളുള്ള സൈറ്റുകൾ സന്ദർശിച്ചവരുമാണ് ഏറെയും.
'കുട്ടിച്ചിത്രങ്ങൾ' കാണുന്നവരുടെ പട്ടിക തയ്യാറാക്കി ഇന്റർപോൾ അതത് സ്ഥലങ്ങളിലെ പൊലീസിനു അയച്ചു നൽകുകയാണ് ചെയ്യുന്നത്. അതിനാൽ അബദ്ധം പറ്റിയതാണെന്ന് തിരിച്ചറിഞ്ഞാൽ പോലും പൊലീസിന് കേസെടുക്കാതിരിക്കാനാകില്ല. കോട്ടയത്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ 18 റെയ്ഡാണ് നടത്തിയത്. കഴിഞ്ഞ ദിവസം പാലായിൽ പതിനാറുകാരനുൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒരു തവണ സെർച്ച് ചെയ്‌താൽ അത് ഹിസ്റ്രറിയിലുണ്ടാകും. സേവനദാതാക്കൾ ഇത് ഇന്റർപോളിന് കൈമാറും.
വിലങ്ങ് വീഴാൻ ഇത് ധാരാളം
കുട്ടികളുടെ അശ്ലീലചിത്രമോ, വീഡിയോയോ കാണുക, പ്രചരിപ്പിക്കുക
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുക
ചൈൽഡ് പോണോഗ്രഫി, ചൈൽഡ് സെക്‌സ് എന്നീ വാക്കുകൾ തിരയുക
നമ്മുടെ വൈഫൈ ഉപയോഗിച്ച് മറ്റാരെങ്കിലും ഇത്തരം വാക്കുകൾ തിരയുന്നത്
ശിക്ഷ ഇങ്ങനെ
അഞ്ചു വർഷം കഠിന തടവും
പത്തു ലക്ഷം രൂപ പിഴയും
ബോധവത്കരണം പ്രധാനം
അറസ്റ്റിലേയ്‌ക്കും കേസിലേയ്‌ക്കും കടക്കും മുൻപ് അടിയന്തരമായി വേണ്ടത് ബോധവത്കരണമാണ്. ഇത്തരം നിയമത്തെപ്പറ്റി പലരും അജ്ഞരാണ്. കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നത് കേസിന് ഇടയാക്കുമെന്നതും ഇതിന്റെ പ്രത്യാഘാതവും പലരും മനസിലാക്കിയിട്ടില്ല.
പ്രതീഷ് മാത്യു,സൈബർ വിദഗ്ദ്ധൻ