ഇന്റർപോൾ പട്ടികയിൽ നൂറിലേറെപ്പേർ

കോട്ടയം : ഇന്റർനെറ്റിലും സമൂഹമാദ്ധ്യമങ്ങളിലും കുട്ടികളുടെ നഗ്‌നചിത്രങ്ങൾ തെരയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ പൊലീസ് നടത്തിയ റെയ്ഡിൽ (ഓപ്പറേഷൻ പി ഹണ്ട്)​ കുടുങ്ങിയത് നൂറിലേറെപ്പേർ. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇന്റർപോളിന്റെ നിർദ്ദേശാനുസരണം ജില്ലയിൽ നാലിടത്താണ് സൈബർസെൽ റെയ്ഡ് നടത്തിയത്. പാലായിലെ പതിനാറുകാരൻ കുടുങ്ങി. കഴിഞ്ഞ മൂന്നു മാസത്തിനിടെ 18 റെയ്‌ഡുകളും, 4 കേസുകളുമാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അൻപതിലേ‌റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ നേരത്തെ നിരീക്ഷണത്തിലായിരുന്നു.

ഞാൻ സാറിന്റെ ടീച്ചറാ

ഇന്റർപോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം നഗരപരിധിയിലെ വീട്ടിൽ പൊലീസ് പരിശോധനയ്‌ക്ക് എത്തിയത്. സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പഠിപ്പിച്ച ടീച്ചറിന്റെ വീടായിരുന്നു ഇത്. രണ്ട് പെൺമക്കളാണിവർക്കുള്ളത്. കമ്പ്യൂട്ടറും, മൊബൈൽ ഫോണും ഉപയോഗിക്കുന്നത് വല്ലപ്പോഴും മാത്രം. പിന്നെ ആരാണ് ഈ ചതി ചെയ്‌തതെന്നായി ടീച്ചർ. എന്തായാലും കമ്പ്യൂട്ടറും മോഡവും പൊലീസ് കസ്റ്റഡിയിലാണ്.

അമേരിക്കൻ യാത്ര മുടക്കി

അമേരിക്കയിൽ നിന്നു എത്തിയ നവവധു വരന്മാരാണ് മൂന്നു മാസം മുൻപ് ഇന്റർനെറ്റ് സെർച്ചിംഗിന്റെ പേരിൽ കുടുങ്ങിയത്. വിവാഹ ശേഷം ഒരു കൗതുകത്തിന് വേണ്ടിയാണ് ഇരുവരും ഇന്റർനെറ്റിൽ വീഡിയോ സെർച്ച് ചെയ്‌തത്. പക്ഷേ, ചെന്ന് കയറിയതാകട്ടെ കുട്ടികളുടെ അശ്ലീല വീഡിയോയുള്ള വെബ്സൈറ്റിലും. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരും വിവരം അറിഞ്ഞത്.

പരിശോധന തുടരും

ഇന്റർപോൾ പരിശോധന നടത്തേണ്ടതിന്റെ തലേന്ന് രാത്രിയിൽ മാത്രമാണ് പട്ടിക നൽകുന്നത്. അതീവ രഹസ്യമായാണ് പരിശോധന. വരും ദിവസങ്ങളിലും ഇത് തുടരും.

ജെ.സന്തോഷ് കുമാർ,ഡിവൈ.എസ്.പി

സൈബർ സെൽ