അടിമാലി: ജനങ്ങളുടെ ജീവന് ഭീഷണിയായി അടിമാലി കുമളി ദേശീയ പാതയിൽ മരച്ചില്ലകളിൽ മുട്ടി നിൽക്കുന്ന 11 കെ.വി ലൈൻ. ആയിരമേക്കർ അമ്പലപ്പടിക്ക് സമീപം ജനത്തിരക്കേറിയ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ തട്ടി നിൽക്കുന്ന മരച്ചില്ലകളാണ് മുറിച്ച് മാറ്റാൻ വൈദ്യുതി വകുപ്പ് തയ്യാറാകാത്തത്. സ്‌കൂൾ കുട്ടികളടക്കം ദിവസവും നൂറുകണക്കിന് പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഴ പെയ്ത് നനഞ്ഞ മരത്തിൽ അറിവില്ലാത്ത കുട്ടികളാരെങ്കിലും തൊട്ടാൽ ഷോക്കേൽക്കാൻ സാധ്യതയേറെയാണ്. വലിയ ദുരന്തമുണ്ടാകുമായിട്ടും കെ.എസ്.ഇ.ബി അധികൃതർ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല. നാട്ടുകാർ വൈദ്യുതി വകുപ്പ് ഓഫീസിൽ പരാതി നൽകിയിട്ടും മരച്ചില്ലകൾ വെട്ടിമാറ്റാൻ അധികൃതർ കൂട്ടാക്കിയില്ല. ഏതു സമയവും അപകട ഭീഷണി ഉയർത്തി നിൽക്കുകയാണ് 11 കെ.വി ലൈൻ. വൈദ്യുതി അപകടങ്ങളെക്കുറിച്ച് നിരന്തരം പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന വൈദ്യുതി വകുപ്പ് തന്നെ അപകടം ക്ഷണിച്ചു വരുത്തുകയാണ്. സമാനമായ രീതിയിൽ 200 ഏക്കർ വള്ളപ്പടിയിൽ കാട്ടുചെടികൾ 11 കെ.വി ലൈൻ മൂടിയിട്ടും വെട്ടിമാറ്റാൻ നടപടിയില്ല. എന്നാൽ കാട്ടുചെടിയിൽ കൂടി വൈദ്യുതി കടന്ന് ചെടികൾ സ്വയം നശിച്ചു പോവുകയായിരുന്നു.