കോട്ടയം: ശബരിമല വിമാനത്താവള നിർമ്മാണത്തിന് ഏറ്റെടുക്കാൻ നിശ്ചയിച്ച ചെറുവള്ളി എസ്റ്റേറ്റ് തർക്കഭൂമിയാണെന്ന സർക്കാർ നിലപാട് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകളായ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് രംഗത്തെത്തിയതോടെ പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി.
ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുകൾ നിലവിലില്ലെന്നും, അതുകൊണ്ടു തന്നെ കോടതിയിൽ പണം കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുന്ന സർക്കാർ നടപടിക്ക് നിയമ സാധുതയില്ലെന്നും ബിലീവേഴ്സ് ചർച്ച് വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ ചൂണ്ടിക്കാണിക്കുന്നു. 'കോടതിയിൽ പണം കെട്ടിവയ്ക്കാൻ ആലോചിക്കുന്നു എന്നത് ഉടമസ്ഥാവകാശം സർക്കാരിനല്ല എന്നതിനു തെളിവാണ്. ചെറുവള്ളി എസ്റ്റേറ്റ് സഭയുടെ ഭൂമിയായി അംഗീകരിച്ചുള്ള ഏതു വികസന പ്രവർത്തനത്തെയും സഭയും വിശ്വാസികളും സ്വാഗതം ചെയ്യും'- അദ്ദേഹം പറഞ്ഞു.
ശബരിമല വിമാനത്താവള നിർമ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ രണ്ടു വർഷം മുമ്പ് ധാരണയായിരുന്നു എന്നാണ് സർക്കാർ വാദം. ഉടമസ്ഥാവകാശ തർക്കമുള്ള ഭൂമിയാണെങ്കിൽ 2013 ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയ്ക്കുള്ള തുക സർക്കാർ കോടതിയിൽ കെട്ടിവയ്ക്കും. അന്തിമ വിധിഅനുസരിച്ചാകും തുക കൈമാറുക. ഉടമാവകാശം ബിലീവേഴ്‌സ് ചർച്ചിനാണെന്ന് കോടതി പറഞ്ഞാൽ കെട്ടിവയ്ക്കുന്ന പണം അവർക്കു നൽകി മാത്രമേ ഭൂമി ഏറ്റെടുക്കാനാവൂ.
ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കോട്ടയം മുൻസിഫ് കോടതിയിൽ കേസ് നൽകാൻ റവന്യു വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർ പി.കെ.സുധീർ ബാബുവും ജില്ലാ ഗവ. പ്ലീഡർ സജി കൊടുവത്തും ഇതു സംബന്ധിച്ച് ചർച്ച നടത്തി.
.