വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ മുന്നോടിയുള്ള മുഖ സന്ധ്യ വേലയ്ക്ക് കോപ്പു തൂക്കി. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രത്തിലെ കലവറയ്ക്ക് മുന്നിൽ നിറദീപം തെളിച്ച് വിഘ്‌നേശ്വരനെ സങ്കല്ലിച്ച് തൂശനിലയിൽ പൂവൻപഴം വച്ച് ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ബി. എസ്. ശ്രീകുമാറാണ് കോപ്പു തൂക്കൽ നിർവ്വഹിച്ചത്. വൈക്കം ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിനും സന്ധ്യ വേലകൾക്കും മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുൻപ് കോപ്പു തൂക്കൽ നടത്തണമെന്നാണ് ആചാരം. ഉത്സവ ചടങ്ങുകൾക്ക് ആവശ്യമായ സാധനങ്ങൾ ക്ഷേത്ര ഭരണാധികാരി അളന്ന് തൂക്കി ക്ഷേത്ര കാര്യക്കാരനെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാത്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവുമാണ് അളന്ന് എൽപ്പിക്കുക. ചടങ്ങുകൾ വീഴ്ച വരാതെ നടത്തുന്നതിന് കാര്യക്കാരൻ ഇത് ഏറ്റുവാങ്ങുന്നു അസിസ്റ്റൻഡ് കമ്മിഷണർ ജി.ജി.മധു, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ, ഉപദേശക സമിതി ഭാരാവാഹികളായ സോമൻകടവിൽ, പി.എം സന്തോഷ് കുമാർ, എ.ജി ചിത്രൻ, എം.എസ് മധു, സുനിൽകുമാർ മാളയേക്കൽ, ഗിരിഷ് ജി നായർ, സുരേഷ് മുത്തു ചിപ്പി എന്നിവരും പങ്കെടുത്തു.
മുഖസന്ധ്യവേല ഇന്ന് മുതൽ
മുഖ സന്ധ്യ വേല ഇന്ന് ആരംഭിക്കും. 17 വരെ നീണ്ടുനൽക്കും.
ഏറ്റുമാനൂർ, തെക്കുംകൂർ, അമ്പലപ്പുഴ, തിരുവല്ല എന്നി നാട്ടുരാജക്കൻമാർ തുടർച്ചായി 4 ദിവസം നടത്തിവന്നിരുന്ന സന്ധ്യ വേലയാണ് മുഖ സന്ധ്യവേല. രേവതി നക്ഷത്രത്തിൽ തുടങ്ങി കാർത്തികയിൽ അവസാനിക്കുന്ന രീതിയിൽ നടത്തുന്ന മുഖ സന്ധ്യ വേല ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തരമാണ്. രാവിലെ ആനപ്പുറത്തെഴുന്നള്ളിപ്പ്, മണ്ഡപത്തിൽ വാരമിരിക്കൽ, അഭഷേകങ്ങൾ പ്രാതൽ വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ ചടങ്ങുകൾ. സമുഹങ്ങളുടെ സന്ധ്യ വേല നവംബർ 2 ന് ആരംഭിക്കും.
സന്ധ്യ വേലകൾ
വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് മുന്നോടിയായി പുരാതന കാലത്ത് നിരവധി സന്ധ്യവേലകൾ നടന്നിരുന്നു. അവയിൽ പലതും നിലച്ചുപോയി. പുള്ളിസന്ധ്യ വേല, മുഖ സന്ധ്യവേല, വൈക്കം സമൂഹം, തെലുങ്ക് സമൂഹം, തമിഴ് വിശ്വബ്രഹ്മ സമാജം, വടയാർ സമൂഹം എന്നിവരുടെ സമൂഹ സന്ധ്യവേലകൾ എന്നിവയാണ് ഇപ്പോഴും തുടരുന്നത്. നിലച്ചവയിൽ പ്രധാനപ്പെട്ടതായിരുന്നു പെരുമ്പടപ്പ് സന്ധ്യവേല. പെരുമ്പടപ്പ് സ്വരൂപത്തിന്റെ അധിപൻമാരായ കൊച്ചി രാജാക്കൻമാർ നടത്തിയിരുന്ന സന്ധ്യവേലയാണ് പെരുമ്പടപ്പ് സന്ധ്യവേല. കൊച്ചി രാജാക്കൻമാർ അമൃതേത്തിന് മുൻപായി ദിവസേന ഒരു നിറപറ അരി അളന്ന് വൈക്കത്തപ്പന് വഴിപാടിനായി മാറ്റി വയ്ക്കുക പതിവായിരുന്നു. ഇത് വർഷത്തിലൊരിക്കൽ ഉത്സവത്തിന് മുൻപ് വൈക്കത്ത് എത്തിച്ച് പ്രാതൽ നടത്തുകയായിരുന്നു ചെയ്തിരുന്നത്. സന്ധ്യ വേല ദിവസത്തെ പ്രാതലിന് വേണ്ട സകല സാധനങ്ങളും പെരുമ്പടപ്പ് സ്വരൂപത്തിൽ നിന്നാണ് കൊണ്ടു വന്നിരുന്നതെന്നതും പ്രത്യേകതയാണ്. തിരുവിതാംകൂർ മഹാരാജാവുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യതാസം മൂലം സന്ധ്യവേല നടക്കുന്ന ദിവസം പ്രാതലിന്റെ ആവശ്യങ്ങൾക്ക് വേണ്ടിവരുന്ന വെള്ളം എടുക്കുവാൻ ഊട്ടുപുരക്ക് സമീപം പ്രതേക കിണറും കൊച്ചി രാജാക്കൻമാർ പണി കഴിപ്പിച്ചിരുന്നു. നിന്നു പോയ ഈ സന്ധ്യ വേലയുടെ ഓർമ്മക്കുറിപ്പായി ക്ഷേത്രത്തിന്റെ ഈശാന കോണിലായി ഊട്ടുപ്പുരയ്ക്കടുത്ത് ഈ കിണർ ഇന്നും കാണാം.