തലയോലപ്പറമ്പ് : അക്രമകാരികളായ തെരുവ്‌നായ്ക്കൾ വീട്ടിൽ കയറി ഗൃഹനാഥന്മാരെയും വളർത്തുമൃഗങ്ങളെയും കടിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞദിവസം കാരിക്കോട് കൈയ്യൂരിക്കൽ ഭാഗത്താണ് തെരുവ് നായ്ക്കളുടെ ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ടുപേർക്കും കൂട്ടിൽ കെട്ടിയിരുന്ന ആടിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ആട് ചത്തു. കാരിക്കോട് കൈയ്യൂരിക്കൽ കെ.പി. ജോസഫ്(58) അരീക്കരയിൽ ബാബു (50) എന്നിവരെയാണ് നായ്ക്കൾ കടിച്ചത്.സാരമായി പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാബുവിന്റ വീടിന് സമീപത്തുള്ള ഇലവുങ്കൽ തോമസ്, അരീക്കര ശ്രീധരൻ എന്നിവരുടെ കൂട്ടിൽ കെട്ടിയിരുന്ന ആടുകളെയാണ് നായ്ക്കൾ ആക്രമിച്ചത്. ഇതിൽ ശ്രീധരന്റെ ആട് തത്ക്ഷണം ചത്തു. തോമസിന്റെ ആടിന് ഗുരുതരമായി പരിക്കേറ്റു. കാരിക്കോട്, കൈയ്യൂരിക്കൽ, പെരുവ, മുളക്കുളം, വെള്ളൂർ, പിറവം റോഡ് റെയിൽവേ സ്റ്റേഷൻ, പൊതി, ഇറുമ്പയം, കീഴൂർ ഭാഗങ്ങളിൽ തെരുവ് നായശല്യം രൂക്ഷമാണ്. പിറവം റോഡ് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം തെരുവുനായ്ക്കൾ കൈയ്യടക്കിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം പുലർച്ചെ ഇത് വഴി നടന്ന് പോയ യാത്രികനെ കൂട്ടമായി എത്തിയ നായ്ക്കൾ ആക്രമിച്ചപ്പോൾ സമീപത്തെ മരത്തിന് മുകളിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്.തുടർന്ന് സമീപത്തുള്ള സുഹൃത്തുക്കളെ ഫോണിൽ വിവരം വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഇവരെത്തി നായ്ക്കളെ തുരത്തിയ ശേഷമാണ് മരത്തിന് മുകളിൽ നിന്നും ആളെ താഴെ ഇറക്കിയത്.വർദ്ധിച്ചു വരുന്ന നായ ശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.