ചങ്ങനാശേരി: കാലപ്പഴക്കത്തിന്റെ അവശത മൂലം അപകടാവസ്ഥയിലായ ചിങ്ങവനം വെട്ടിത്തറ പാലം പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. വർഷങ്ങൾക്ക് മുമ്പ് കാഞ്ഞൂർ തോടിന് കുറുകേ നിർമ്മിച്ച പാലത്തിന്റെ അടിത്തറയും കൈവരിയും തകർന്ന നിലയിലാണ്. കോൺക്രീറ്റ് അടർന്നതോടെ കമ്പികളും തെളിഞ്ഞു. തൂണുകളുടെ ബലക്ഷയം അപകടസാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. പ്രദേശവാസികൾക്ക് ചിങ്ങവനം ടൗണിലേക്ക് പോകാൻ ഏക ആശ്രയം ഈ പാലമാണ്. വള്ളത്തെ ആശ്രയിക്കാമെങ്കിലും തോട്ടിൽ പോള നിറഞ്ഞിരിക്കുന്നതിനാൽ നിലവിൽ ജലയാത്രയും ദുഷ്കരമാണ്. പാലത്തിന്റെ അപകടാവസ്ഥ വർഷങ്ങൾക്കു മുൻപ് തന്നെ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പണിതതിനു ശേഷം യാതൊരുവിധ അറ്റക്കുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ദിനംപ്രതി നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പാലത്തിലാണ് അപകടം പതിയിരിക്കുന്നത്. പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് പാലത്തിന്റെ പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.