കോട്ടയം: തിരുനക്കര ബി.എസ്.എൻ.എൽ ഓഫിസിനു പിന്നിലെ മാലിന്യക്കൂമ്പാരം നീക്കാൻ കർശന നടപടിയുമായി നഗരസഭ. ഈ റോഡിന്റെ ഇരുവശത്തും മാലിന്യങ്ങൾ കൂടിക്കിടക്കുന്നതായി കേരള കൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന കർശന നടപടിയ്‌ക്ക് നിർദേശം നൽകിയത്. ബി.എസ്.എൻ.എൽ ഓഫിസിനു പിന്നിലെ മാലിന്യം പൂർണമായും നീക്കം ചെയ്യണമെന്നും, സ്ഥലം ഉടമയ്‌ക്ക് നോട്ടീസ് നൽകണമെന്നും നഗരസഭ അദ്ധ്യക്ഷ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി. എന്നാൽ, നോട്ടീസ് നൽകാൻ സ്ഥലം ഉമടയെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഇത് കൂടാതെ ഈ വഴിയിൽ വഴി വിളക്ക് തെളിയിക്കണമെന്ന നിർദേശവും നഗരസഭ അദ്ധ്യക്ഷ നൽകിയിട്ടുണ്ട്.