കാഞ്ഞിരപ്പള്ളി: എഴുതി തീരുമ്പോൾ വലിച്ചെറിയാനുള്ളതല്ല, പെട്ടിയിൽ ഇട്ട് സൂക്ഷിക്കാനുള്ളതാണ് ഈ പ്ലാസ്റ്റിക് പേനകൾ. പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പുതുതായി പഠിച്ച ഹരിതപാഠമാണിത്.
പേനയിലെ മഷി തീരുമ്പോൾ വലിച്ചെറിയുന്ന ശീലം ഇനിയില്ല. ആയിരക്കണക്കിന് പേനകൾ തെരുവിൽ എറിയുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം തിരിച്ചറിഞ്ഞാണ് ഈ പുതിയ തീരുമാനം. ഹരിതകേരളം മിഷൻ ആണ് കുട്ടികളുടെ മനസിലേക്ക് ആ പരിസ്ഥിതിസ്നേഹം പകർന്നുനൽകിയത് . മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതവിദ്യാലയം പദ്ധതിയിൽ ഉൾപ്പെട്ട ഗ്രേസി മെമ്മോറിയൽ സ്കൂളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ വിവിധ പരീക്ഷണങ്ങൾ ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് പെൻഡ്രോപ്പ് ബോക്സ്. അതും വിജയകരമായതോടെ ഇവിടുത്തെ കുട്ടികൾ എഴുതികൊണ്ടിരിക്കുന്ന പേനയിലെ മഷി തീർന്നാൽ പെൻഡ്രോപ്പ് ബോക്സിൽ നിക്ഷേപിച്ചിട്ടേ പുതിയ വാങ്ങു.
സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് പെൻഡ്രോപ്പ് ബോക്സ് സ്ഥാപിച്ച് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ.പ്രസിഡന്റ് ടി.എം. സൈനില്ല അദ്ധ്യക്ഷത വഹിച്ചു,പാ റത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുജീലൻ, സ്കൂൾ ഹെഡ്മിട്രസ് ലെറ്റ്സി തോമസ്, ഹരിത കേരളം മിഷൻ പ്രതിനിധി വിപിൻ രാജു, കെ.എൻ.ജയൻ, അദ്ധ്യാപക പ്രതിനിധി ടോമി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.