അടിമാലി: കൊന്നത്തടി വില്ലേജ് ഓഫീസിൽ അതിക്രമിച്ചു കയറി ഓഫീസറെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികളെ പിടികൂടാതെ ഒളിച്ചുകളിച്ച് പൊലീസ്. സംഭവത്തിൽ സി.പി.എം കൊന്നത്തടി ലോക്കൽ സെക്രട്ടറി സി.കെ. തോമസടക്കം അഞ്ച് പേർക്കെതിരെയാണ് വെള്ളത്തൂവൽ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നത്. എന്നാൽ പ്രതികൾ കൺമുന്നിലുണ്ടായിട്ടും പൊലീസ് ഇവരെ പിടികൂടാൻ മടിയ്ക്കുന്നതായാണ് ആക്ഷേപമുയരുന്നത്. ഭരണകക്ഷിയുടെ സമ്മർദ്ദമാണ് ഇതിനു പിന്നിലെന്ന് ആരോപണമുയരുന്നുണ്ട്. പത്തിനാണ് വില്ലേജ് ഓഫീസിൽ അതിക്രമിച്ച് കയറി ഒരു സംഘം ഓഫീസറെ ഭീഷണിപ്പെടുത്തിയത്. നേരത്തെ കരമടയ്ക്കുന്നതിനും പോക്കുവരവിനുമടക്കം ആയിരങ്ങൾ കൈക്കൂലി വാങ്ങുന്ന മാഫിയ സംഘമാണ് വില്ലേജ് ഓഫീസ് അടക്കിവാണിരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രദേശിക രാഷ്ട്രീയ നേതാക്കളടക്കമുള്ള സംഘമാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. എന്നാൽ എം.ബി. ഗോപാലകൃഷ്ണൻ നായർ പുതിയ വില്ലേജ് ഓഫീസറായെത്തിയതോടെ ഇത്തരക്കാർക്കെതിരെ നിലപാടെടുത്തു. നാട്ടുകാർ ഇടനിലക്കാരെ ഒഴിവാക്കണമെന്ന് വില്ലേജ് ഓഫീസിലെ നോട്ടീസ് ബോർഡിൽ അറിയിപ്പിട്ടതോടെയാണ് മാഫിയ സംഘം വില്ലേജ് ഓഫീസർക്കെതിരെ തിരിഞ്ഞത്. സർക്കാർ നിർദ്ദേശ പ്രകാരം സുതാര്യത ഉറപ്പാക്കാനായി വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനാക്കിയതോടെ ഇടനിലക്കാരുടെ പിടിവിട്ടു. സർട്ടിഫിക്കറ്റുകൾ നേരിട്ട് എഴുതി നൽകണമെന്ന വിചിത്രവാദ മുന്നയിച്ച സംഘം വില്ലേജ് ഓഫീസിലടക്കം അടിസ്ഥാന രഹിതമായ പോസ്റ്റർ ഒട്ടിച്ചതിനെതിരെ വില്ലേജ് ഓഫീസർ പ്രതികരിച്ചതോടെയാണ് സംഘം ഓഫീസിൽ കയറി ഭീഷണി മുഴക്കിയത്. കഴിഞ്ഞ മൂന്ന് മാസക്കാലത്തിനുള്ളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നൽകിയ വില്ലേജാഫീസറാണ് ഇദ്ദേഹം.
'' ജില്ലയിൽ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റുകൾ നൽകിയത് കൊന്നത്തടി വില്ലേജ് ജാഫീസിൽ നിന്നാണ്. ഇതുവരെ ഒരു അപേക്ഷ പോലും കെട്ടികിടക്കുന്നില്ല. പ്രത്യേക ഡാറ്റാ എൻട്രി ഓപ്പറേറ്ററെ വെച്ച് പോക്കുവരവും കരമടയ്ക്കലും എളുപ്പത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവർത്തനസജ്ജമാകും. ജില്ലയിൽ തന്നെ വിപ്ലവകരമായ മാറ്റമാണിത്. അനാവശ്യമായി പണം പിടുങ്ങുന്ന ഇടനിലക്കാരെ ഒഴിവാക്കി ഓഫിസിൽ നിന്ന് ലഭ്യമാകേണ്ട ഏതാവശ്യത്തിനും ജനങ്ങൾക്ക് നേരിട്ട് സമീപിയ്ക്കാം. ഓഫീസിലുണ്ടായ അതിക്രമത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്.''
എം.ബി. ഗോപാലകൃഷ്ണൻ നായർ (വില്ലേജ് ഓഫീസർ)