കോട്ടയം: ഓട്ടോ ഡ്രൈവ‌ർമാരുടെ വാശിയോ കളക്‌ടറുടെ തീരുമാനമോ വിജയിക്കുകയെന്നറിയാൻ നഗരം കാത്തിരിക്കുന്നു. രാവിലെ 10.30 ന് കളക്‌ടറുമായി നടത്തുന്ന ചർച്ചയിൽ സമരം സംബന്ധിച്ചു തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. അ‌ഞ്ചു ദിവസമായി നടക്കുന്ന സമരം ഡ്രൈവർമാരെ കൂടി ബാധിച്ച സാഹചര്യത്തിൽ സമരം പിൻവലിക്കണമെന്നാണ് ഭൂരിഭാഗം ഡ്രൈവർമാരുടെയും ആവശ്യം.

കഴിഞ്ഞ ഒൻപതിനായിരുന്നു സംഭവങ്ങളുടെ തുടക്കം. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഓട്ടോ ഡ്രൈവർമാരെ മീറ്ററില്ലെന്നതിന്റെ പേരിൽ പിടികൂടി. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വയ്‌ക്കുകയും, പ്രതിഷേധം അറിയിക്കുകയും സമരം ആരംഭിക്കുകയുമായിരുന്നു. കലക്ടറുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ വന്നതോടെ അനിശ്ചിതകാല സമരം തുടങ്ങി.
വെള്ളിയാഴ്‌ച വീണ്ടും ചർച്ച നടന്നെങ്കിലും പരിഹാരമായില്ല.മീറ്റർ പ്രവർത്തിപ്പിക്കുന്നതിനൊപ്പം തങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്നുമായിരുന്നു ഡ്രൈവർമാരുടെ ആവശ്യം. ഇതേത്തുടർന്നു അധിക നിരക്കു സംബന്ധിച്ച ലിസ്റ്റ് ജില്ലാ ഭരണകൂടം കൈമാറി. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ യൂണിയൻ നേതൃത്വം ചർച്ച നടത്തിയെന്നും ഇന്ന് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

 അനധികൃത ഓട്ടോകൾക്കെതിരെയും നടപടിയുണ്ടായേക്കും

മീറ്റർ സ്ഥാപിക്കുന്ന കാര്യത്തിലെന്ന പോലെ നഗരത്തിലെ അനധികൃത ഓട്ടോകൾക്കെതിരെയും നടപടിയുണ്ടായേക്കും. നഗരത്തിൽ പെർമിറ്റുള്ള 1800 ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. അനധികൃതമായി 800 ഓട്ടോറിക്ഷകൾ വരെ സർവീസ് നടത്തുന്നണ്ടത്രേ.ഇവർക്കെതിരെ നടപടി വേണമെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം.