കോട്ടയം: നിർമ്മാണമേഖല ദയനീയ അവസ്ഥയിലാണ്. ശരിക്കും പറഞ്ഞാൽ പൊളിയുന്ന അവസ്ഥയിൽ. കാരണങ്ങൾ പലതാണ്. നിർമ്മാണസാമഗ്രികളുടെ വില വർദ്ധന, ഒപ്പം ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ ക്ഷാമം. കെട്ടിടങ്ങളിൽ അടിത്തറ നിറയ്ക്കാനുള്ള മണൽപോലും മലനാടുകളിൽ നിന്നാണ് എത്തിക്കുന്നത്. അനധികൃത ക്വാറികൾക്കുള്ള നിയന്ത്രണം മുതലെടുത്ത് അംഗീകൃത ക്വാറികളാണ് വില കൂട്ടിയിരിക്കുന്നത്. പാറ, എം സാൻഡ്, മെറ്റൽ തുടങ്ങിയവയുടെ ഇപ്പോഴത്തെ വില വീണ്ടും വർദ്ധിക്കുമെന്നാണ് കരാറുകാർ പറയുന്നത്. സിമന്റ്, ഇഷ്ടിക വില വർദ്ധിച്ചിട്ടുണ്ട്. സിമന്റ് ഒരു ചാക്കിന് 40 രൂപ വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചത്. രണ്ടു മാസത്തിനിടെ നിർമ്മാണ വസ്തുക്കൾക്കും സേവനങ്ങൾക്കും 25 ശതമാനം വർദ്ധനവുണ്ടായത് ഉപഭോക്താക്കളെയും കരാറുകാരെയും ഒരേപോലെ വലയ്ക്കുകയാണ്.

സീസൺ നവംബർ മുതൽ

കെട്ടിട നിർമ്മാണ കൂടുതൽ സജ്ജീവമാകുന്നത് നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ്. സീസൺ എത്തുന്നതോടെ ഇനിയും വില ഉയരാനാണ് സാധ്യത.അതേസമയം വിലക്കയറ്റം റീ-ബിൽഡ് കേരള, ലൈഫ് തുടങ്ങി ദുർബല വിഭാഗങ്ങൾക്കുള്ള സർക്കാർ പദ്ധതികളെയും സാധാരണക്കാരുടെ മറ്റ് ഭവന നിർമ്മാണ പദ്ധതികളെയും വിലവർദ്ധന പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തൽ. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന കാരണം കുറഞ്ഞ നിരക്കിൽ കരാറെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതോടെ നിർമ്മാണ മേഖല പൂർണ്ണമായും സ്തംഭനാവസ്ഥയിലേക്ക് നീങ്ങും. ഒരുമാസം മുമ്പ് ചതുരശ്ര അടിക്ക് 2,000 രൂപയായിരുന്നു നിർമ്മാണ ചെലവ്. ഇപ്പോഴത്തെ നിലയിൽ ഇത് 6 മുതൽ 10 ശതമാനം വരെ കൂടും.നിലവിൽ കമ്പി വില കിലോയ്ക്ക് 4 രൂപ കുറഞ്ഞത് മാത്രമാണ് ഏക ആശ്വാസം. ചരക്ക് സേവന നികുതി കൂട്ടിയതും നിർമ്മാണമേഖലയെ ബാധിച്ചിട്ടുണ്ട്.

# വില കയറിയ വഴി

 ഒരു മാസം മുമ്പ് ഒരു ടോറസ് കരിങ്കല്ലിന് 19,000 രൂപ

 ഇപ്പോൾ 25,000- 40,000 രൂപ

 മുമ്പ് ഒരു ചെങ്കല്ലിന് 30 രൂപ, ഇപ്പോൾ 35

 മുമ്പ് 20 എം.എം മെറ്റൽ ഒരടിക്ക് 38 രൂപ, ഇപ്പോൾ 42

 എം സാൻഡ് ക്യൂബിക് അടിക്ക് 37, ഇപ്പോൾ 40 രൂപ

 കഴുകിയ എം സാൻഡിന് മുമ്പ് 51 രൂപ, ഇപ്പോൾ 55

 തേയ്ക്കാനുള്ള മണൽ ക്യുബിക് അടിക്ക് മുമ്പ് 60 രൂപ, ഇപ്പോൾ 65

 വില കയറ്റുന്നത്കമ്പനികൾ


രണ്ട് മാസം മുമ്പ് വരെ 410 രൂപയായിരുന്ന ഒരു ചാക്ക് സിമന്റിന്റെ വില എ ഗ്രേഡ് വിഭാഗത്തിൽ വരുന്ന കമ്പനികൾ ശരാശരി 40 രൂപവരെ ഉയർത്തി. നിർമ്മാതാക്കൾ ഉത്പാദനം കുറയ്ക്കുന്നതും വൻകിട കമ്പനികൾ കൊള്ളലാഭം തേടുന്നതുമാണ് സിമന്റിന് വില ഉയരാൻ കാരണം. കേരളത്തിൽ എട്ട് ശതമാനം സിമന്റ് മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ളവ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.

സിമന്റ് വില (ബ്രായ്ക്കറ്റിൽ പുതിയത്)

# അൾട്ര: 410 (450)

# രാംകോ: 390 (430)

# ശങ്കർ: 410 (450)

# ഡാൽമിയ: 430 (470)

കമ്പിക്ക് ഒരാഴ്ച മുമ്പുള്ള വില, നിലവിലെ വില

 ടാറ്റ: 68- 64 (ഒരു കിലോ)

കെ.എസ്.ഡബ്‌ള്യു: 65- 62