പാലാ: വീട്ടുമുറ്റത്ത് പൊട്ടിക്കിടന്ന സർവീസ് വയറിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. രാമപുരം വളക്കാട്ടുകുന്ന് കുന്നേൽ പരേതനായ ഗോപാലന്റെ ഭാര്യ രമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. മുറ്റമടിക്കുന്നതിനിടെയാണ് രമണിക്ക് അപകടം സംഭവിച്ചത്. വീടിന് പുറത്തെ ബോക്സിൽ നിന്ന് പൊട്ടിവീണതായിരുന്നു സർവീസ് വയർ. മുറ്റത്ത് നിന്ന് സർവീസ് വയർ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രമണിയുടെ കൈ കത്തിക്കരിഞ്ഞനിലയിലായിരുന്നു. ഷോക്കേറ്റ് രമണി പിടയ്ക്കുന്നത് കണ്ടാണ് സമീപവാസികൾ ഓടിയെത്തിയത്. തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ: മിനി, സിനി, അനി, സുനി.
തലയോലപ്പറപ്പിൽ മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വൈദ്യുതികമ്പി പൊട്ടിവീണ് ഇന്നലെ യുവതി മരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാമപുരത്ത് സമാന രീതിയിൽ ഇന്ന് രാവിലെ അപകടം ഉണ്ടായത്.