കോട്ടയം: ചങ്കുറപ്പുള്ളൊരു കളക്ടർ വട്ടംകയറി നിന്നപ്പോൾ ഓട്ടോക്കാരുടെ ഹുങ്ക് പമ്പകടന്നു. മീറ്ററിട്ട് സർവീസ് നടത്തണമെന്ന് പറഞ്ഞതിന്റെ പേരിൽ പണിമുടക്ക് നടത്തി നാട്ടുകാരെ വട്ടംചുറ്റിക്കാനിറങ്ങിയ ഓട്ടോചേട്ടൻമാരെല്ലാം ഒടുവിൽ മാളത്തിലൊളിച്ചു. കഴുത്തറക്കുന്ന കൂലിവാങ്ങിക്കാതെ മീറ്ററിട്ട് മര്യാദരാമൻമാരായി ഓട്ടോ ഓടിച്ചോളാമെന്ന ധാരണയിൽ സമരം തീർന്നു!

തൊഴിലാളി യൂണിയൻ പ്രതിനിധികളും കളക്ടറുമായി നടത്തിയ ചർച്ചയിലാണ് ഉപാധികളോടെ സമരം അവസാനിപ്പിച്ചത്. നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം കൂടിയാണ് അംഗീകരിക്കപ്പെട്ടത്. ഇനി ചർച്ചയിലെ ധാരണപ്രകാരമുള്ള കൂലിയേ കൊടുക്കൂയെന്ന് ജനംകൂടി വിചാരിച്ചാൽ നഗരത്തിലെ ഓട്ടോയാത്ര സുഗമമാകും. റിട്ടേൺ ഓട്ടത്തിന് സാദ്ധ്യതിയില്ലാത്ത സ്ഥലങ്ങളിലേയ്ക്ക് പോകുമ്പോൾ 25 രൂപ മിനിമം ചാർജിന് പുറമേ അധികം വരുന്ന തുകയുടെ അമ്പത് ശതമാനം കൂടി ഇടാക്കാം. (35 രൂപ മീറ്ററിൽ കാണിച്ചെങ്കിൽ 40 രൂപ കൊടുക്കാം)​ എന്നാൽ ആകെ മീറ്റർ തുകയുടെ 50 ശതമാനം കൂട്ടി വാങ്ങാൻ അനുവദിക്കണമെന്നായിരുന്നു യൂണിയൻ പ്രതിനിധികളുടെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടെങ്കിലേ നടപ്പാക്കാൻ കഴിയൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നഗരപരിധി നിർണയിക്കൽ പിന്നീട്
മീറ്റർ നിർബന്ധമാക്കുമ്പോൾ നഗരപരിധി നിർണയിക്കണമെന്നതായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇതിനായി ആർ.ടി.ഒയെ യോഗം ചുമതലപ്പെടുത്തി. പഴയ കുമാരനല്ലൂർ, നാട്ടകം പഞ്ചായത്തുകൾ വരുന്ന പ്രദേശങ്ങളിലെ ഓട്ടോ റിക്ഷകളെ നഗരപരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ടൗൺ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ നിന്ന് യാത്രക്കാരെ കയറ്റിപ്പോയാൽ കർശന നടപടിയെടുക്കാനും തീരുമാനിച്ചു.

കളക്ടർ പി.കെ. സുധീർബാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ഫിലിപ്പ് ജോസഫ്, പി.ജെ. വർഗീസ്, സുനിൽ തോമസ്, എം.പി. സന്തോഷ്‌കുമാർ, സാബു പുതുപ്പറമ്പിൽ, പി.എസ്. തങ്കച്ചൻ, എ.ജെ. തോമസ്, ടി.എം. നളിനാക്ഷൻ, ജോഷി ജോസഫ് എന്നിവർ പങ്കെടുത്തു.

നഗരത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

1 കയറിയാലുടൻ മീറ്ററിട്ടോ എന്ന് ശ്രദ്ധിക്കണം

2 ഒന്നരകിലോമീറ്റർ വരെ 25 രൂപ കൊടുക്കുക

3 അതിനുമേൽ അധികതുകയുടെ പകുതി കൂടി