ചങ്ങനാശേരി: ഒരു വശത്ത് പാടം, മറുവശത്ത് തോട്. സംരക്ഷഭിത്തിയുമില്ല...അതെ, ചിങ്ങവനം-വെട്ടിത്തറ റോഡിൽ അപകടസാദ്ധ്യത ഏറെയാണ്. വീതി കുറഞ്ഞ ഈ വഴിയിലൂടെ എതിർദിശയിൽ വരുന്ന രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാകില്ല. ചന്തക്കവലയിൽ നിന്നും വെട്ടിത്തറ ഭാഗത്തേക്ക് പോകുന്ന ഈ റോഡിൽ തിരക്കും കൂടുതലാണ്. നാളുകൾക്ക് മുമ്പ് ഇവിടെ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. തുടർച്ചയായ അപകടങ്ങൾക്ക് ശേഷം റോഡ് ഗതാഗതയോഗ്യമാക്കുകയും കുറച്ചു നാളത്തേക്ക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സംരക്ഷണഭിത്തിയുടെ അഭാവം നിലവിൽ പ്രശ്നം ഗുരുതരമാക്കുന്നു. പ്രദേശവാസികൾക്ക് നഗരത്തേക്ക് പോകാൻ ഏക ആശ്രയമാണ് ഈ റോഡ്. കൊയ്ത്ത് സമയമാകുന്നതോടെ ഇവിടെ തിരക്കും വർദ്ധിക്കും.
വഴിവിളക്കുകളുടെ അഭാവമാണ് മറ്റൊരു പ്രശ്നം. ഇവിടെ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ വല്ലപ്പോഴുമാണ് പ്രകാശിക്കുന്നത്. തോടും പാടവും ഒരേ നിരപ്പിലായതിനാൽ അപരിചിതരായ യാത്രക്കാർക്ക് ഈ വഴിയുള്ള യാത്ര കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പകൽ സമയങ്ങളിൽ പോലും ഈ വഴി യാത്ര ദുർഘടമാണെന്ന് പ്രദേശവാസികളും പറയുന്നു. രാത്രിസമയങ്ങളിൽ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. സംരക്ഷണ ഭിത്തി നിർമ്മിക്കാനും വഴിവിളക്കുകൾ പ്രകാശിപ്പിക്കാനും നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.