കോട്ടയം: പ്രവൃത്തിദിനങ്ങളും സിലബസും പൂർത്തിയാക്കാതെ എം.ജി. സർവകലാശാല പി.ജി മൂന്നാം സെമസ്റ്റർ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളെ വലയ്ക്കുന്നു. പരീക്ഷയ്ക്ക് ആദ്യം അറിയിച്ചിരുന്ന തീയതി മാറ്റി 13 ദിവസം നേരത്തേയാക്കി പുതുക്കി നിശ്ചിയിക്കുകയും ചെയ്തു.
സെമസ്റ്റർ പൂർത്തിയാകാൻ കുറഞ്ഞത് 90 ദിവസം വേണമെന്ന നിബന്ധന സർവകലാശാല തന്നെ ലംഘിച്ചു. 27 പ്രവൃത്തി ദിനങ്ങളാണ് വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടത്. സിലബസ് അനുസരിച്ചുളള പഠനം പൂർത്തിയാക്കിയിട്ടുമില്ല.
സർവകാലാശാല കലണ്ടർ പ്രകാരം ഇൗ വർഷം ജൂൺ 20 മുതൽ നവംബർ എട്ട് വരെയാണ് മൂന്നാം സെമസ്റ്റർ ക്ളാസുകൾ നടക്കേണ്ടത്. എട്ടു ദിവസത്തെ രണ്ടാം സെമസ്റ്റർ പരീക്ഷ, ഒൻപത് ദിവസത്തെ ഒന്നാം വർഷ പ്രാക്ടിക്കൽ പരീക്ഷ, പത്ത് ദിവസത്തെ വെളളപ്പൊക്കം അവധി എന്നിങ്ങനെ 27പ്രവൃത്തി ദിനങ്ങളാണ് വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടത്. രാവിലെ 8.30മുതൽ വൈകിട്ട് 4.30 വരെ ക്ളാസുകൾ നടത്തിയിട്ടും സിലിബസ് തീർന്നിട്ടില്ല. ഇതിനിടെയാണ് ആദ്യം പ്രഖ്യാപിച്ച മൂന്നാം സെമസ്റ്റർ പരീക്ഷാ തീയതി നേരത്തേയാക്കി സർവകലാശാല അറിയിപ്പുവന്നത്. അടുത്തമാസം 18ന് തുടങ്ങുമെന്ന് അറിയിച്ച പരീക്ഷ 5 മുതലാക്കി. സിലബസ് അനുസരിച്ച് പഠനം പൂർത്തിയായ ശേഷം പരീക്ഷ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.