പാലാ : തകരാറിലായ ഒരു ലാൻഡ് ഫോൺ കണക്ഷൻ നന്നാക്കണമെങ്കിൽ ബി.എസ്. എൻ. എൽ . അധികാരികൾക്ക് എന്ത് താമസം വരും? ഇതെന്തു ചോദ്യം എന്നാവുമല്ലേ...പക്ഷേ മുത്തോലി ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന്റെ പരിധിയിലാണെങ്കിൽ ഇതിന് കാലവിളംബം നിശ്ചയിക്കാനേ വയ്യ! മുത്തോലി ബി.എസ്.എൻ. എൽ എക്സ്ചേഞ്ചിന് അരകിലോമീറ്റർ മാറി താമസിക്കുന്ന റിട്ട.അദ്ധ്യാപകൻ പുലിയന്നൂർ ജ്യോതിസിൽ കെ. ഗോപിനാഥൻ നായർ. 80 വയസ് പിന്നിട്ട ഗോപിനാഥൻ നായരും റിട്ട. അദ്ധ്യാപികയായ ഭാര്യ രാജമ്മയും ഒറ്റയ്ക്കാണ് താമസം.
രണ്ടര മാസം മുമ്പാണ് ഗോപിനാഥൻ നായരുടെ പേരിലുള്ള 04822206037 ഫോൺ തകരാറിലായത്. തുടർന്ന് എക്സ്ചേഞ്ചിൽ ഫോണിലും നേരിട്ടും പരാതി പറഞ്ഞു. ഇതുവരെ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടേയില്ല. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളോടുള്ള ബി.എസ്.എൻ.എൽ ന്റെ ഈ 'കാരുണ്യവും കരുതലും ' രേഖാമൂലം ഉന്നതാധികാരികളെ അറിയിച്ചു കാത്തിരിക്കുകയാണ് മകൻ അരുൺ. പ്രായമേറിയതിനാലും ഓർമ്മക്കുറവുള്ളതിനാലും ഗോപിനാഥൻ നായർക്കും, ഭാര്യയ്ക്കും മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. മക്കളും ദൂരെയുള്ള ബന്ധുക്കളുമായി സംസാരിക്കാൻ ലാൻഡ് ഫോൺ ആയിരുന്നു ആശ്രയം. പ്രദേശത്ത് തകരാറിലായ നിരവധി ഫോണുകളാണ് നന്നാക്കാൻ കാത്തു കിടക്കുന്നത്. പറഞ്ഞു മടുത്ത പലരും കണക്ഷൻ തന്നെ വേണ്ടെന്നു വച്ചു.
ലൈൻ സ്റ്റാഫ് ഇല്ലാത്തതാണ് പ്രശ്നം
വേണ്ടത്ര ലൈൻ സ്റ്റാഫ് ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. ഈ പോസ്റ്റിൽ ഒരാളെ ഇപ്പോഴുള്ളൂ. വെള്ളപ്പൊക്ക കെടുതിയിലുണ്ടായ തകരാർ ഉൾപ്പെടെ പരിഹരിക്കാനുമുണ്ട്. കഴിയുന്നതും വേഗം തകരാറുകൾ പരിഹരിക്കാനാണ് ശ്രമം.
ശോഭ, ജെ.ടി.ഒ,മുത്തോലി