വൈക്കം : അഷ്ടമി മഹോത്സവത്തിന് കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ക്ഷേത്രത്തിൽ വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്ന് ഭക്തജനങ്ങൾക്ക് പരാതി. അഷ്ടമിക്കാലത്ത് ഭക്തർക്ക് വെയിലിൽ നിന്ന് ആശ്വാസം നല്കുന്ന വിധത്തിൽ താത്കാലിക അലങ്കാര പന്തൽ ഒരുക്കാറുണ്ടെങ്കിലും ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഒറ്റ മഴയിൽ ക്ഷേത്രമുറ്റം വെള്ളക്കെട്ടിലാകും. പുതുതായി മണൽ വിരിക്കാനോ കൂടി കിടക്കുന്ന മണൽ നിരത്താനോ ശ്രമമില്ല. അഷ്ടമിക്ക് മുൻപായി നടക്കേണ്ട പെയിന്റിംഗ് ജോലികളും തുടങ്ങിയിട്ടില്ല. വിളക്കുമാടവും ദാരു ശില്പങ്ങളിലും ഇരുൾ വീണ നിലയിലാണ്. തിടപ്പള്ളി ഉൾപ്പെടെ പല പ്രധാനപ്പെട്ട ഭാഗങ്ങളും ചോർന്നൊലിക്കുന്നു. മരാമത്തു പണികൾ ആരംഭിച്ചിട്ടില്ല. ഹൈമാക്‌സ് ഉൾപ്പടെയുള്ള വിളക്കുകൾ തെളിയുന്നില്ല. രണ്ട് ജനറേറ്ററുകൾ ക്ഷേത്രത്തിൽ ഉണ്ടെങ്കിലും കാര്യക്ഷമമല്ല. നിലവിലുള്ള സി.സി.ടി.വി ക്യാമറകൾ പ്രവർത്തനരഹിതമാണ്. പുതിയത് സ്ഥാപിക്കുമെന്ന് പറഞ്ഞതും നടപ്പായില്ല. ക്ഷേത്ര മുറ്റം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിട്ടും വൃത്തിയാക്കാൻ നടപടിയില്ല. പകരക്കാരെ വച്ചാണ് ജീവനക്കാർ പലരും ജോലി നോക്കുന്നതെന്ന പരാതിയുമുണ്ട്. ദേവപ്രശ്‌നത്തിൽ പ്രാധാന്യമേറിയ രീതിയിൽ കണ്ട മീനം രാശികുളവും കാടുകയറിയ നിലയിലാണ്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏക ആശ്രയം വടക്കേനടയിലുള്ള കംഫർട്ട് സ്റ്റേഷൻ മാത്രമാണ്. കിഴക്കേനടയിൽ ഉണ്ടായിരുന്ന രണ്ടു കംഫർട്ട് സ്റ്റേഷനുകൾ അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. ക്ഷേത്രക്കുളവും ക്ഷേത്ര റോഡും മലിനമാണ്. കാലിത്തൊഴുത്തിൽ നിന്നുള്ള മലിന ജലം കിഴക്ക ഗോപുരത്തിന് വടക്കുഭാഗത്തായി റോഡലേക്ക് ഒഴുകുന്നതായും പരാതിയുണ്ട്. ദേവസ്വം ഗസ്റ്റ് ഹൗസിന്റെ ചോർച്ചയും ദേവസ്വം കൊട്ടാരത്തിന്റെ ജീർണ്ണതയും പരിഹരിക്കാനും ശ്രമമില്ല.