ചങ്ങനാശേരി : റവന്യു ടവറിൽ ലിഫ്റ്റിൽ കുടുങ്ങിയവർക്ക് തുണയായി ചങ്ങനാശേരി അഗ്‌നിരക്ഷാസേന. ടവറിലെ ഗ്രൗണ്ട് ഫ്ലോറിലെ കിഴക്കുവശത്തുള്ള ലിഫ്റ്റിൽ കുടുങ്ങിയ ഒരു കുട്ടി ഉൾപ്പെടെ ആറുപേരെയാണ് അഗ്‌നിരക്ഷാസേന രക്ഷിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. ചങ്ങനാശേരി സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലിഫ്റ്റിന് സമീപത്തു കൂടെ പോയ രണ്ടുപേരാണ് ലിഫ്റ്റിൽ കുറച്ചുപേർ കുടുങ്ങി കിടക്കുന്നുണ്ടെന്നു മനസിലാക്കിയത്. ഈ സമയം ലിഫ്റ്റ് ഓപ്പറേറ്ററും ഇലക്ട്രീഷ്യനും ഇല്ലായിരുന്നതിനാൽ സമീപത്തുള്ള സ്ഥാപന ഉടമ അഗ്‌നിരക്ഷാസേനയെ വിളിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ ചങ്ങനാശേരി അഗ്‌നിരക്ഷാസേന യൂണിറ്റ് ഹൈഡ്രോളിക് റെസ്‌ക്യൂ ടൂൾ ഉപയോഗിച്ച് ലിഫ്റ്റ് അകത്തി മാറ്റി കുടുങ്ങിയവരെ രക്ഷിച്ചു. ചങ്ങനാശേരി യൂണിറ്റിനു കഴിഞ്ഞ ആഴ്ച്ച ലഭിച്ച പുതിയ യൂണിറ്റാണ് ഹൈഡ്രോളിക് റെസ്‌ക്യൂ ടൂൾ. സ്റ്റേഷൻ മാസ്റ്റർ സുനിൽ ജോസഫ്, ലീഡിംഗ് ഫയർമാൻ എസ്.മണിയൻ, ഫയർമാൻമാരായ അരുൺ ബാബു, ജിജോ, അനീഷ്, അബ്ദുൾ സലാം, അരുൺ, ഡ്രൈവർമാരായ ബിന്റു ആന്റണി, കെ.എസ് ആന്റണി എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി.


 ലിഫ്റ്റ് മൂന്നെണ്ണം; പക്ഷേ പ്രവർത്തനരഹിതം


ആകെയുള്ള മൂന്നുലിഫ്റ്റുകളും പലദിവസങ്ങളിലും പ്രവർത്തിക്കാറില്ല. അതുകൊണ്ട് തന്നെ ആളുകൾ കുടുങ്ങുന്നതും പതിവ്. ലിഫ്റ്റ് ഓപ്പറേറ്റർ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നു. ശമ്പളം ലഭിക്കാത്തതിനാൽ ഇലക്ട്രീഷ്യൻ ഇന്നലെ രാവിലെ രാജി വച്ചിരുന്നു. ടവറിന്റെ മേൽനോട്ടമുള്ള ഹൗസിംഗ് ബോർഡ് കോട്ടയം ഓഫീസിലേക്കു മാറ്റുകയും ചെയ്തു. മാനേജിംഗ് കമ്മിറ്റിയും 'പ്രവർത്തനരഹിതം'. ലിഫ്റ്റിന്റെ പ്രവർത്തനം മുടങ്ങുന്നതിനെ സംബന്ധിച്ച് നിരവധി തവണ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടവറിനുള്ളിൽ ആറ് നിലകളിലായി വിവിധ സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ജീവനക്കാർക്കും ഇവിടെയെത്തുന്നവർക്കും ലിഫ്റ്റ് അനിവാര്യവുമാണ്. അതിനാൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനും ഓപ്പറേറ്റർമാരുടെ സേവനം യഥാസമയം ലഭിക്കുന്നതിനും വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമാണ്.