മുണ്ടക്കയം : സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രചാരണത്തിനായി വനിതാ ശിശുവികസന വകുപ്പും ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് സജ്ജമാക്കിയ പോഷൺ എക്‌സ്പ്രസ് ജില്ലയിലെത്തി. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പര്യടനം പി.സി ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരിലെ പോഷകസമൃദ്ധി ലക്ഷ്യമിട്ടാണ് സമ്പുഷ്ടകേരളം പദ്ധതി നടപ്പാക്കുന്നത്. പര്യടനത്തിന്റെ ഭാഗമായി നടത്തിയ സിഗ്‌നേച്ചർ കാമ്പയിനിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ അംഗൻവാടി പ്രവർത്തകർ പങ്കാളികളായി. സെപ്തംബർ 16ന് ആരംഭിച്ച മാസാചരണം 16 ന് അവസാനിക്കും. നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം, വിവിധ കലാ പരിപാടികളും പര്യടന ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നാസർ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, ഐ.സി.ഡി എസ് പ്രോഗ്രാം ഓഫീസർ (എസ്.എസ്) ശാരിക തുടങ്ങിയവർ പങ്കെടുത്തു.