എരുമേലി : കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി മണിമലയാറും കൈവഴികളും മലിന്യമുക്തമാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പഞ്ചായത്തിന് നിർദ്ദേശം നൽകി. ആക്ഷൻ പ്ലാൻ തയ്യാറാക്കി വേണ്ട നടപടികൾ സ്വീകരിക്കാനാണ് മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന ട്രൈബ്യൂണൽ നിർദ്ദേശം.
മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എരുമേലി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. ദേശീയ ഗ്രീൻ ട്രൈബ്യൂണൽ അഞ്ച് തവണയാണ് റിവർ റീജുവനേഷൻ കമ്മറ്റി ചേർന്നത്. ജൂലായ് 25, ആഗസ്റ്റ് 29 തീയതികളിൽ നദിയിൽ പരിശോധന നടത്തിയിരുന്നു. നദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നു സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു.

കോളിഫോം ബാക്ടീരിയ കൂടാൻ കാരണം

ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുമ്പോൾ അവർക്കാവശ്യമായ സാനിറ്ററി സൗകര്യങ്ങൾ ഒരുക്കുന്നതിന് പരാജയപ്പെടുന്നതാണ് കോളിഫോം ബാക്ടീരിയ വർദ്ധിക്കാൻ കാരണമായി കരുതുന്നത്. ആവശ്യത്തിന് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലാത്തതും മലിനീകരണവും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം എരുമേലി ടൗണിനു സമീപത്ത് മുപ്പതിലധികം വീടുകളിലാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. കൂടാതെ പനിയും വയറിളക്കവും പടർന്ന് പിടിച്ചിരുന്നു.

കുളിക്കാൻ ഉപയോഗിക്കുന്നത് മണിമലയാറ്റിലെ വെള്ളം

എരുമേലി വലിയമ്പലത്തിനു മുമ്പിലൂടെയുള്ള എരുമേലി തോട് ഒഴുകി മണിമലയാറ്റിലേക്കാണ് എത്തിച്ചേരുന്നത്. തീർത്ഥാടകരും പൊതുജനങ്ങളും കുളിക്കുന്നതിന് മണിമലയാറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത് എരുമേലിയിലെ തോടുകളുടെയും, മണിമലയാറിന്റെയും ശുദ്ധത വീണ്ടെടുക്കാൻ പഞ്ചായത്തും ഇതര സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.