rojo-thomas-

വൈക്കം: കൂടത്തായി കൊലപാതക പരമ്പര വെളിച്ചത്ത് വരാനിടയാക്കിയ പരാതിക്കാരനായ റോജോ തോമസ് നാട്ടിലെത്തി. അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണ് അമേരിക്കയിലായിരുന്ന റോജോ നാട്ടിൽ വന്നത്. ഇന്നലെ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പൊലീസ് വൈക്കത്തെ സഹോദരി രഞ്ജിയുടെ വീട്ടിലെത്തിച്ചു.

വൈക്കം ടോൾ കവലയ്ക്ക് സമീപം താമസിക്കുന്ന രഞ്ജിയോടൊപ്പമാണ് ജോളിയുടെ രണ്ടു മക്കളും ഇപ്പോഴുള്ളത്. കൂടത്തായിയിൽ കൊല്ലപ്പെട്ട പൊന്നാമറ്റം ടോം തോമസിന്റെ ഇളയ മകനായ റോജോ അമേരിക്കയിൽ സ്ഥിരതാമസമാണ്. റോജോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റോയി തോമസിന്റെ മരണം അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. വൈക്കത്തെത്തിയ റോജോ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. അന്വേഷണസംഘം നിർദ്ദേശിക്കുന്നതനുസരിച്ച് റോജോ മൊഴി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.