പൊൻകുന്നം : ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ നെയ്യാട്ട് (നെയ്യഭിഷേകം) 18 ന് പുലർച്ചെ 1.03 നുള്ള തുലാംസംക്രമ മുഹൂർത്തത്തിൽ നടക്കും. ഇതേ മുഹൂർത്തത്തിൽ തന്നെ ചിറക്കടവ് ക്ഷേത്രത്തിൽ നിന്നെത്തിക്കുന്ന നെയ്യ് ഉപയോഗിച്ച് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലും നെയ്യഭിഷേകം നടത്തും. ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യിൽ ഒരു വിഹിതം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ച് ഒരേ മുഹൂർത്തത്തിൽ നെയ്യഭിഷേകം നടത്തുന്ന ചടങ്ങ് ചെങ്ങന്നൂർ വഞ്ഞിപ്പുഴ രാജവംശത്തിനു ചിറക്കടവിൽ അധികാരമുണ്ടായിരുന്ന കാലത്ത് തുടങ്ങിയതാണ്. മുടങ്ങിപ്പോയ ആചാരം ദേവപ്രശ്‌ന വിധി പ്രകാരം 21 വർഷം മുൻപാണ് പുനഃസ്ഥാപിച്ചത്. ചിറക്കടവ് ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യുടെയും വാഴൂർ തീർഥപാദ ആശ്രമത്തിൽ നിന്ന് എത്തിക്കുന്ന നെയ്യുടെയും ഒരു വിഹിതം 17ന് വൈകിട്ട് 5 ന് പൂജകൾക്ക് ശേഷം മേൽശാന്തി സി.കെ.വിക്രമൻ നമ്പൂതിരി മഹാദേവ സേവാസംഘം ഭാരവാഹികൾക്ക് കൈമാറും. തുടർന്ന് ഘോഷയാത്രയായി ചെങ്ങന്നൂരിലേക്കു കൊണ്ടു പോകും. ചെങ്ങന്നൂർ ക്ഷേത്ര സന്നിധിയിൽ തന്ത്രി കണ്ഠര് മോഹനരും ദേവസ്വം ഭാരവാഹികളും ചേർന്ന് നെയ്യ് ഏറ്റുവാങ്ങും.