വെള്ളൂർ: വൻ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ലിക്വിഡേഷനിലേക്ക് നീങ്ങിയ വെള്ളൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ.
വ്യാപകമായ പരാതിയെ തുടർന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. പരിധിവിട്ട് വായ്പ നൽകൽ, അനധികൃതമായ പലിശ ഇളവ്, ബാങ്കിന് നഷ്ടം വരുത്തുന്ന മറ്റ് നിരവധി ക്രമവിരുദ്ധ പ്രവർത്തനങ്ങളാണ് നടന്നത്. കഴിഞ്ഞ നവംബറിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നിയമിച്ചു. ക്രമവിരുദ്ധമായി നൽകിയ ലോണുകൾ തിരിച്ചടപ്പിക്കുക, ബാങ്കിന്റെ പ്രവർത്തന നഷ്ടം കുറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒരു വർഷക്കാലം അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നത്. ഇതിനിടെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ജീവനക്കാരും നടപടി നേരിട്ടിരുന്നു. ഒരു വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണത്തിന് കീഴിൽ മുൻകാലത്ത് നൽകിയ 53 ക്രമവിരുദ്ധ ലോണുകളിൽ 27 എണ്ണം തിരിച്ചടപ്പിച്ചു. പ്രവർത്തനനഷ്ടവും കുറച്ചു.