തലയോലപ്പറമ്പ്: വെള്ളൂരിലെ കൃഷിഭവനിൽ ഓഫീസർ ഇല്ലാത്തതിനാൽ കർഷകർ വലയുന്നു.പുതിയ ഓഫീസർ ഒരു മാസം മുൻപ് ചാർജ് എടുത്തെങ്കിലും പിന്നീട് അവധിയിലായതാണ് കർഷകർക്ക് വിനയാകുന്നത്. വെള്ളൂർ പഞ്ചായത്തിലെ പുഞ്ചകൃഷി അടക്കമുള്ളവ ആരംഭിക്കേണ്ട സമയം ആയതിനാലും വാഴ, മരച്ചീനി, പച്ചക്കറി, ക്ഷീര കർഷകർ തുടങ്ങി മറ്റ് കൃഷികൾക്ക് ഓഫീസറുടെ സേവനം അത്യാവശ്യമായതിനാലും സ്ഥിരമായി ഓഫീസറെ നിയമിക്കണമെന്ന് കർഷകരുടെ ആവശ്യം. മുളക്കുളം കൃഷിഭവനിലെ ഓഫീസർക്ക് ഇവിടെ അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും മുളക്കുളത്ത് തന്നെ ചെയ്ത് തീർക്കാവുന്നതിലും അധികം ജോലി അവിടെ തന്നെയുള്ള സ്ഥിതിയാണ്. ഓഫീസറുടെ അഭാവം ഫണ്ട് വിനിയോഗത്തിലും തിരിച്ചടിയാണ്. ഓഫീസർ സ്ഥിരമായി ഇല്ലാത്തതിനാൽ പല ആനുകൂല്യങ്ങളും സമയബന്ധിതമായി കർഷകർക്ക് ലഭിക്കാത്ത സാഹചര്യമാണ്. സ്ഥിരമായി കൃഷി ഓഫീസറെ നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.ഇത് സംബന്ധിച്ച് കർഷകർ കൃഷി വകുപ്പ് മന്ത്രി, എം എൽ എ, ജില്ലാ കളക്ടർ, ജില്ലാ കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.