ചങ്ങനാശേരി : റവന്യുടവറിലെ ലിഫ്റ്റുകൾ ഇപ്പോൾ പേടിസ്വപ്നമാണ്. കയറിയാൽ കുടുങ്ങും, കയറിയില്ലെങ്കിൽ ദുരിതവും.. ഇതാണ് അവസ്ഥ. മൂന്ന് ലിഫ് റ്റുകളാണ് റവന്യു ടവറിലുള്ളത്. പലപ്പോഴും മൂന്നും പ്രവർത്തനരഹിതം. ഭൂരിഭാഗം ദിവസങ്ങളിലും പ്രവർത്തിക്കാറില്ല എന്നതാണ് യഥാർത്ഥ്യം. ആളുകൾ കുടുങ്ങുന്നതും പതിവാണ്. ലിഫ്റ്റ് ഓപ്പറേറ്റര്‍ പലപ്പോഴും സ്ഥലത്ത് ഉണ്ടാവില്ല. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഇലക്ട്രീഷ്യൻ കഴിഞ്ഞദിവസം രാജിവച്ചുപോയി. ടവറിന്റെ മേൽനോട്ടക്കാരായ ഹൗസിംഗ് ബോർഡ് കോട്ടയം ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. മാനേജിംഗ് കമ്മിറ്റി ഉണ്ടെങ്കിലും അതും പ്രവർത്തനരഹിതമാണ്.

ടവറിനുള്ളിൽ ആറ് നിലകളിലായി വിവിധ സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഓഫീസുകളിലെ ജീവനക്കാരും ടവറിൽ എത്തുന്നവരും ആശ്രയിക്കുന്നത് ലിഫ് റ്റിനെയാണ്. ലിഫ് റ്റ് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ അംഗപരിമിതർക്കും പ്രായമായവർക്കും ഉൾപ്പെടെയുള്ളവർ പടികൾ കയറി ഇറങ്ങേണ്ടി വരുന്നു. ഇത് ദുരിതം ഇരട്ടിയാക്കുകയും ചെയ്യും.

കുടുങ്ങി,​ കഴിഞ്ഞദിവസം

ടവറിലെ കിഴക്കുവശത്തുള്ള ലിഫ് റ്റിൽ കുടുങ്ങിയ ഒരു കുട്ടി ഉൾപ്പെടെ ആറുപേരെയാണ് കഴിഞ്ഞദിവസം ചങ്ങനാശേരി അഗ്നിരക്ഷാസേന രക്ഷിച്ചത്. ചങ്ങനാശേരി സ്റ്റേഷന്‍ ഓഫീസർ സുനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള യൂണിറ്റാണ് രക്ഷാപ്രവർത്തനം. മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് വന്നവരാണ് കുടുങ്ങിയത്. ഓപ്പററ്ററെ വിളിച്ചെങ്കിലും സംഭവ സമയം ലിഫ്റ്റ് ഓപ്പറേറ്ററും ഇലക്ട്രീഷ്യനും സ്ഥലത്ത് ഇല്ലായിരുന്നു. തുടർന്ന് ലിഫ് റ്റിനു സമീപത്തുള്ള സ്ഥാപന ഉടമ അഗ്നിരക്ഷാസേനയെ വിളിക്കുകയുമായിരുന്നു. ഹൈഡ്രോളിക് റെസ്‌ക്യൂ ടൂൾ ഉപയോഗിച്ച് ലിഫ്റ്റ് അകത്തി മാറ്റിയാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.