അടിമാലി:മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പണിക്കൻകുടി പഞ്ചായത്തെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. 19 വാർഡുകളിലായി 40, 000 നോടടുത്ത ജനസംഖ്യയുമുള്ള കൊന്നത്തടി പഞ്ചായത്ത് വിഭജിച്ചു പണിക്കൻകുടി കേന്ദ്രമാക്കി പുതിയൊരു പഞ്ചായത്ത് രൂപീകരിക്കുന്നതിനുള്ള നടപടികളാണ് ഫിനീഷിംഗ്‌ലൈനിനോടടുക്കുന്നത്.
കൊന്നത്തടി പഞ്ചായത്ത് വിഭജിക്കാനുള്ള ഭരണസമിതി തീരുമാനം ഡി ഡി പി യ്ക്കു സമർപ്പിച്ചിരുന്നു.ശുപാർശ റിപ്പോർട്ട് പഞ്ചായത്ത് ഡെയറക്ടർക്കും അവിടെനിന്ന് സർക്കാരിലേക്ക് അനുകൂല റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.
പുതിയ പഞ്ചായത്തുകളുടെ രൂപീകരണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ചിട്ടുള്ള സമിതി മുമ്പാകെയാണ് ഇപ്പോൾ റിപ്പോർട്ടുള്ളത്.അവിടെനിന്ന് താമസിയാതെ പഞ്ചായത്ത് രൂപീകരിക്കുന്നതിനുള്ള പച്ചക്കൊടി കിട്ടും.
ഉടുമ്പൻചോലയിൽ തുടങ്ങി
1962 ൽ അന്നത്തെ ജനസംഖ്യാ കണക്കനുസരിച്ചാണ് ഉടുമ്പഞ്ചോല പഞ്ചായത്ത് വിഭജിച്ചു കൊന്നത്തടിപഞ്ചായത്ത് രൂപീകരിച്ചത്. പിന്നീട് കൊന്നത്തടി വിഭജിച്ചു വാത്തികുടി പഞ്ചായത്ത് രൂപീകരിച്ചു.
വാത്തികുടി വിഭജിച്ചു തോപ്രാംകുടി പഞ്ചായത്തുകൂടി വന്നു.അതിന്റെ ചുവട്പിിച്ചാണ് കൊന്നത്തടി വിഭജിച്ചു പണിക്കൻകുടി പഞ്ചായത്തും രൂപീകരിക്കുന്നത്.
പതിനഞ്ച് വാർഡുകൾ വീതം
നിലവിൽ ആകെ പത്തൊൻപത് വാർഡുകളാണ് കൊന്നത്തടി പഞ്ചായത്തിലുള്ളതെങ്കിലും വിഭജനാനന്തരം ഓരോ പഞ്ചായത്തിലും 15 വാർഡുകൾ വീതമെങ്കിലും ഉണ്ടാകും. ഇത് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും ജനങ്ങളിലേക്കു എത്തുന്നത്തിനു സഹായകരമാകും.
ഇപ്പോൾ നിലവിലെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ വാത്തികുടി, കൊന്നത്തടി പഞ്ചായത്തുകൾ ചേർന്നതാണ്. തോപ്രാംകുടി, പണിക്കൻകുടി പഞ്ചായത്തുകൾ കൂടി രൂപീകരിക്കുന്നതോടെ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മാറ്റം വരും. 4 പഞ്ചായത്തുകൾ ഒരു ഡിവിഷനിൽ വരില്ല എന്നതിനാൽ കൊന്നത്തടി/കമ്പിളികണ്ടം ഡിവിഷൻ കൂടി രൂപീകരിക്കപെടും ഇപ്പോൾ ലഭിക്കുന്ന ഫണ്ടിന്റെ ഇരട്ടി ജില്ലാ ബ്ളോക്ക് പഞ്ചായത്തുകളിൽനിന്ന് ലഭിക്കുമെന്നത് വികസനകാര്യങ്ങളിൽ മുതൽക്കൂട്ടാകും.
ഇനിയുമുണ്ട് നേട്ടങ്ങൾ..
ഒരു പഞ്ചായത്തിനു ഒരു വില്ലേജ് എന്ന സർക്കാർ പോളിസിയുടെ അടിസ്ഥാനത്തിൽ പുതിയ പണിക്കൻകുടി വില്ലേജാഫീസ് അനുവദിക്കപെടും. മുനിയറ, പണിക്കൻകുടി, മുള്ളരിക്കുടി എന്നിവിടങ്ങളിലെ ഏതെങ്കിലുമോരു ഹെൽത്ത് സബ് സെന്റർ പി. എച്ച്.സി/ സി. എച്ച് .സി ആയി ഉയർത്തപെടും. ആരോഗ്യരംഗത്ത് അതു വലിയ നേട്ടമാകും.
നിലവിലെ കൊന്നത്തടി പഞ്ചായത്തിലെ കൃഷി ഭവൻ, 2 മൃഗാശുപത്രികൾ, ആയുർവേദ ആശുപത്രി എന്നിവ പുതിയ പണിക്കൻകുടി പഞ്ചായത്തിൽ ഉൾപെടും എന്നതിനാൽ കൊന്നത്തടി പഞ്ചായത്തിൽ കൃഷി ഭവൻ, മൃഗാശുപത്രി, ആയുർവേദ ആശുപത്രി എന്നിവ അനുവദിക്കപെടും. കൂടാതെ മുക്കുടം, പൊന്മുടി എന്നിവയിലെ ഏതെങ്കിലും ഒരു സ്‌കൂൾ ഹയർ സെക്കൻഡറി സ്‌കൂൾ ആയി ഉയർത്തപെടും. കൂടാതെ കൊന്നത്തടി, വാത്തികുടി, വെള്ളത്തൂവൽ, പണിക്കൻകുടി, തോപ്രാംകുടി എന്നീ 5 പഞ്ചായത്തുകൾ ചേർത്ത് കമ്പിളികണ്ടം/ കൊന്നത്തടി ബ്ലോക്ക് പഞ്ചായത്ത് കൂടി രൂപീകരിക്കാനുള്ള സാദ്ധ്യതയുമുണ്ട്. .
ചിത്രം. പണിക്കൻ കുടി ഗ്രാമം